എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിന്‍റെ കുരുക്കഴിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങുന്നു. നിയമപരമായ പരിഹാരം സാധിക്കുമോ എന്ന് നോക്കുകയാണ് മാനേജ്മെന്‍റുകളും സര്‍ക്കാരും. നിയമനം ക്രമപ്പെടുത്തിയില്ലെങ്കില്‍ അധ്യാപകരും കോടതിയെ സമീപിച്ചേക്കും.
ഭിന്നശേഷി സംവരണം ഉറപ്പാക്കണം എന്ന സുപ്രിം കോടതി വിധി കര്‍ശനമായി നടപ്പാക്കാനേ സര്‍ക്കാരിനു കഴിയൂ. എന്നാല്‍ എയ്ഡഡ് അധ്യാപക നിയമന പ്രശ്നം അവഗണിക്കാനുമാവില്ല.സീറോ മലബാര്‍സഭ ഉള്‍പ്പെടെ മുന്നോട്ട് വെക്കുന്ന പരാതികള്‍ ഗൗരവമുള്ളവയുമാണ്. നിയമപരമായി പ്രശ്ന പരിഹാരം സാധ്യമാകുമോ എന്ന് ആലോചിക്കുകയാണ് സര്‍ക്കാര്‍. ഭിന്നശേഷി സംവരണത്തില്‍ വിട്ടു വീഴ്ച ചെയ്യാതെയുളള പരിഹാരമാണ് നോക്കുന്നത്.
എയഡ്ഡ് മാനേജ്മെന്‍റുകള്‍ സമരത്തിലേക്ക് നീങ്ങുന്നത് സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്. കോര്‍പ്പറേറ്റ് മാനേജ്മെന്‍റുകളെ പിണക്കുന്നത് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ശരിയാവില്ല എന്ന് സര്‍ക്കാരിനറിയാം. മാനേജ്മെന്റുകള്‍ സുപ്രിം കോടതിയെ സമീപിച്ചാല്‍ പ്രശ്നപരിഹാരത്തിന് സഹായകരമായ നിലപാട് സര്‍ക്കാരും കൈക്കൊള്ളും. ഇതുസംബന്ധിച്ചുള്ള അനൗദ്യോഗിക ആശയവിനിമയത്തിനും തുടക്കമായിട്ടുണ്ട്.