കൂത്തുപറമ്പ് എംഎൽഎ കെ.പി മോഹനന് നേരെ കയ്യേറ്റം. കണ്ണൂർ ചൊക്ലി കരിയാട് ഡയാലിസിസ് സെന്റർ സമരസമിതി അംഗങ്ങളാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. കരിയാട് പ്രവർത്തിക്കുന്ന തണൽ ഡയാലിസിസ് സെന്‍ററിനെതിരെ നാട്ടുകാർ രണ്ടര വർഷമായി സമരത്തിലാണ് . ഡയാലിസിസ് സെന്‍ററില്‍ നിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുക്കുന്നു എന്നും ഇത് കുടിവെള്ളത്തിൽ കലർന്ന് വെള്ളം ഉപയോഗിക്കാൻ കഴിയുന്നില്ല എന്നുമാണ് നാട്ടുകാരുടെ പരാതി. വിഷയത്തിൽ എംഎൽഎ ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു എംഎൽഎക്ക് എതിരായ കയ്യേറ്റം.
കരിയാട് അങ്കണവാടി ഉദ്ഘാടനത്തിന് എത്തിയപ്പോൾ സമരസമിതി പ്രവർത്തകർ വാഹനം തടയുകയും എംഎൽഎ പുറത്തിറങ്ങുകയും ചെയ്തതോടെയാണ് കയ്യേറ്റം ഉണ്ടായത്. പഴ്സണൽ സ്റ്റാഫ് കൂടെ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞെത്തിയ ചൊക്ലി പോലീസ് എംഎൽഎ യെ നേരിട്ട് കണ്ടെങ്കിലും പരാതി ഇല്ലെന്നാണ് എംഎൽഎ നിലപാടെടുത്തത്. ഇതിനാൽ തൽക്കാലം കേസെടുക്കില്ല എന്നാണ് പോലീസ് പറയുന്നത്. അതേസമയം,ബലപ്രയോഗം അംഗീകരിക്കില്ലെന്നാണ് ആർജെഡിയുടെ നിലപാട്.