പ്രവാസികൾക്ക് കനത്ത വെല്ലുവിളിയുയർത്തി കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ചു. കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് കുവൈത്തിലേക്കും, കണ്ണൂരിൽ നിന്ന് ബഹ്‌റൈൻ, ദമാം എന്നിവിടങ്ങളിലേക്കുമുള്ള നേരിട്ടുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ ഈ റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ വർധിക്കുമെന്ന ആശങ്കയിലാണ് പ്രവാസികൾ.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഈ തീരുമാനത്തിനെതിരെ കേരളത്തിലെ എം.പി.മാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തീരുമാനം കേരളത്തെ അപമാനിക്കുന്നതും വഞ്ചിക്കുന്നതുമാണെന്ന് എം.പിമാർ ആരോപിച്ചു.
കേരളത്തെ രണ്ടാം തരമായി കാണരുതെന്നും, എയർ ഇന്ത്യ എക്സ്പ്രസ് അവഗണന തുടർന്നാൽ മറ്റ് എയർലൈനുകൾക്ക് മുൻഗണന നൽകേണ്ടി വരുമെന്നും ശശി തരൂർ എം.പി. മുന്നറിയിപ്പ് നൽകി.
വിമാനങ്ങൾ റദ്ദാക്കാനുള്ള തീരുമാനം സംസ്ഥാനത്തെ ജനങ്ങളോട് കാണിക്കുന്ന വലിയ നീതി നിഷേധമാണ്. മലബാർ മേഖലയിലെ യാത്രക്കാർ കടുത്ത ദുരിതം നേരിടുന്നതായി പരാതിയുണ്ട്. അടിയന്തരമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിയെ സമീപിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റിന്റെ നടപടി കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് എം.കെ. രാഘവൻ എം.പി. പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് കേരളമാണ്. തീരുമാനം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട രാഘവൻ, വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അറിയിച്ചു.
ഷാഫി പറമ്പിൽ എം.പി. വ്യോമയാന മന്ത്രി രാം മോഹൻ നായിഡുവിന് കത്തയച്ചു. തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മറ്റ് എം.പിമാരും കേന്ദ്രമന്ത്രിക്ക് കത്ത് നൽകും.