സംസ്ഥാനം, ചിരിത്രത്തിലെ ഏറ്റവും വലിയസാമ്പത്തിക പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം നിയമസഭയില്‍. ഒരു ലക്ഷം കോടി രൂപയാണ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ധന പ്രതിസന്ധിയില്ല, ബുദ്ധിമുട്ട് മാത്രമെയുള്ളൂ എന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മറുപടി നല്‍കി. അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ നിയമസഭക്ക് മുന്നിലെത്തിയത്.
സര്‍ക്കാരിന്‍റെ ചെലവു കൂടുന്നു, ഒപ്പം കടവും, എന്നാല്‍ അതിനനുസരിച്ച് വരവുകൂടുന്നിമില്ല. നികുതി പരിവ് അപ്പാടെ അവതാളത്തിലുമായെന്ന് കാണിച്ചാണ് പ്രതിപക്ഷം സാമ്പത്തിക പ്രതിസന്ധി തുറന്നുകാട്ടിയത്. സര്‍ക്കാരിന് കിട്ടേണ്ടത് കിട്ടുന്നില്ല, ടേക്ക് ഒാഫ് ചെയ്തു ഉടനെ മൂക്കുകുത്തി എന്ന് മാത്യു കുഴല്‍മാടന്‍ പരിഹസിച്ചു. കേന്ദ്രത്തിനെതിരെ ഒപ്പം പറയാം പക്ഷെ കേന്ദ്രം തന്ന പണം നിങ്ങള്‍തിരിമറി ചെയ്തു എന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ വിമര്‍ശനം. കണക്കുകള്‍ നിരത്തി നികുതി പിരിവിലെ പരാജയത്തെയും ജിഎസ്.ടി വകുപ്പിന്‍റെ സ്തംഭനാവസ്ഥയെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ബുദ്ധിമുട്ട് മാത്രമാണെന്നും സ്ഥാപിക്കാനായിരുന്നു ധനമന്ത്രിയുടെ ശ്രമം. കേന്ദ്ര നയങ്ങളെ ആവര്‍ത്തിച്ചു വിമര്‍ശിച്ച ധനമന്ത്രി സംസ്ഥാനസര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്യുകയാണെന്ന് വാദിച്ചു. ‘കേരളത്തില്‍ എല്ലാവരും സുഭിക്ഷമായി ഓണം ഉണ്ടു. ഇതുപോലൊരു ഓണം ഉണ്ടായിട്ടില്ലെന്ന് ജനം പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലെന്ന് പറയുന്നില്ല. വല്യവെട്ടിക്കുറവ് എല്ലാ മേഖലയിലും ഉണ്ടായി. സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് ബുദ്ധിമുട്ട് നേരിട്ടുകൊണ്ടാണ്. കേന്ദ്രനയം മാറിയാലേ പ്രതിസന്ധി മാറൂ’ എന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി നാലാമത്തെ അടിയന്തര പ്രമേയ നോട്ടിസ് ചര്‍ച്ചക്കെടുത്തപ്പോള്‍ ഭരണ, പ്രതിപക്ഷ നിരകളില്‍ കൂടുതലും ഒഴിഞ്ഞ കസേരകളായിരുന്നു.