vn-vasavan-2

ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോൺസർഷിപ്പ് തുകയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ കള്ളം പറഞ്ഞെന്ന് രേഖ. സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ തുക ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചിട്ടുണ്ടെന്ന് നിയമസഭയിൽ പറഞ്ഞെങ്കിലും സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇങ്ങനെയൊരു കണക്കില്ല. ബോർഡിന്റെ വരവ് ചെലവ് കണക്കൊന്നും  സർക്കാരിനെ അറിയിക്കേണ്ടതില്ലെന്ന് ആവർത്തിക്കുന്ന മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആക്ഷേപം.  Also Read: ഊരാളുങ്കലിന്‍റെ സഹസ്ഥാപനത്തിന് ടെന്‍ഡറില്ലാതെ കരാര്‍; അയ്യപ്പ സംഗമം നടത്തിപ്പിൽ ഗുരുതര ക്രമക്കേട്


കഴിഞ്ഞദിവസം നാല് കോടിയുടെ കണക്ക് പറഞ്ഞ മന്ത്രി വ്യക്തതയോടെ ജനുവരി 28 ന് നിയമസഭയിൽ മറുപടി നൽകി. സ്പോൺസർഷിപ്പിൽ കിട്ടിയ പണം മുൻകൂറായി ചെലവഴിച്ച വകയിൽ ബോർഡിന്റെ അക്കൗണ്ടിലേക്ക് തിരികെ നിക്ഷേപിച്ചെന്ന്. അങ്ങനെയെങ്കിൽ തിങ്കളാഴ്ച ശബരിമല സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഈ കണക്ക് ഉൾപ്പെടേണ്ടതായിരുന്നു. 

നാല് കോടി പോയിട്ട് കിട്ടിയ തുകയുടെ ശരിയായ വിനിയോഗം തെളിയിക്കാൻ പോലും ദേവസ്വം ബോർഡിനായില്ലെന്നായിരുന്നു സ്പെഷൽ കമ്മിഷണറുടെ വിലയിരുത്തൽ. നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യങ്ങൾക്ക് ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസെന്ന് പറഞ്ഞ് കൃത്യതയില്ലാത്ത മറുപടിയുമായി ദേവസ്വം മന്ത്രി രക്ഷപ്പെടാനും ശ്രമിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് രണ്ട് കോടി രൂപ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചെന്നാണ് ദേവസ്വം മന്ത്രി നിയമസഭയെ അറിയിച്ചത്. എന്നാല്‍ സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ ഈ വിവരം രേഖപ്പെടുത്തിയിട്ടില്ല.  

ഇതിന് പുറമെയാണ് ഇഷ്ടക്കാർക്ക് തോന്നിയ മട്ടിൽ യാതൊരു കണക്കും കരാറുമില്ലാതെ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ പണം നൽകിയെന്നും തെളിയുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ഒന്നിന് പിന്നാലെ ഒന്നായ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിൽ ഹൈക്കോടതിയുടെ ഇടപെടൽ നിർണായകമാണ്.

ENGLISH SUMMARY:

Documents show that Devaswom Minister V. N. Vasavan lied in the Legislative Assembly regarding the sponsorship funds of the Global Ayyappa Summit. Although he told the Assembly that the sponsorship amount had been deposited back into the account of the Travancore Devaswom Board, the report submitted by the Special Commissioner to the High Court of Kerala shows no such financial entry. The allegation is that the minister misled the Assembly while repeatedly claiming that the government need not report the Board’s income-expenditure figures.