സര്‍ക്കാരിനോടുള്ള എന്‍എസ്എസ് നിലപാട് വിവാദമായിരിക്കെ, കോട്ടയം മീനച്ചിൽ താലൂക്ക് എന്‍എസ്എസ് യൂണിയൻ പരിപാടിയിൽ ഉദ്ഘാടകനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. അതേസമയം തുടർച്ചയായ മൂന്നാം ദിവസവും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിവിധ ഇടങ്ങളിൽ പ്രതിഷേധ ബാനർ ഉയർന്നു. എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളിയല്ലെന്ന് കെസി വേണുഗോപാൽ വ്യക്തമാക്കി.
അയ്യപ്പ സംഗമത്തിലൂടെ സമുദായ സംഘടനകൾ ഐക്യത്തിലായി. എസ്എൻഡിപിയും എൻഎസ്എസ് ഉൾപ്പെടെ ദേവസ്വം ബോർഡിന് അകമഴിഞ്ഞ പിന്തുണ. ശബരിമലയുടെ കാര്യത്തിൽ എല്ലാവരും ഒപ്പം ഉണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് വ്യക്തമാക്കി.
എൻഎസ്എസ് പാലാ മീനച്ചിൽ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച അദ്ധ്യാത്മിക സംഗമം ദേവസ്വം ബോർഡ് പ്രസിഡൻറ് ഉദ്ഘാടനം ചെയ്തു. അതേസമയം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാടിനെതിരെ പ്രതിഷേധം തുടരുകയാണ്. പത്തനംതിട്ട വികോട്ടയത്തെ പോസ്റ്ററിൽ നായന്മാരെ ചതിച്ച ചതിയൻ ചന്തു എന്നാണ് എഴുതിയിരുന്നത്. സേവ് നായർ ഫോറം എന്ന പേരിൽ തിരുവല്ല പെരിങ്ങര 1110-ാo നമ്പർ കരയോഗത്തിൻ്റെ മുന്നിലും ബാനർ സ്ഥാപിച്ചു. സമുദായ വഞ്ചകനായ ജനറൽ സെക്രട്ടറി രാജിവെക്കണം എന്നാണ് ആവശ്യം. എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളിയെല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു