ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം ദിവസവും ചോദ്യം ചെയ്യലിന് ഹാജരാകാതെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ. പത്മകുമാര്‍. ആറന്‍മുള വീട്ടില്‍ തുടരുന്ന പത്മകുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം അന്വേഷണസംഘവും തുടങ്ങിയില്ല. അതിനിടെ മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു.
ദേവസ്വം മുന്‍ കമ്മീഷണര്‍ എന്‍.വാസുവിന്‍റെ അറസ്റ്റിന് പിന്നാലെ പത്മകുമാറിനെ ഉടന്‍ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്‍റെ തീരുമാനം. വാസുവിനെ അറസ്റ്റ് ചെയ്ത അന്ന് തന്നെ പത്മകുമാറിന് രണ്ടാം നോട്ടീസും നല്‍കി. ഇന്ന് മൂന്നാം ദിവസവും പത്മകുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ആറന്മുളയിലെ വീട്ടില്‍ തുടരുകയാണ്. തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം വിളിച്ചിട്ടില്ലെന്നുമാണ് പത്മകുമാര്‍ അടുപ്പക്കാരോട് പറയുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പത്മകുമാറിനെ കസ്റ്റഡിയിലെടുക്കുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും ഇന്ന് ഇതുവരെ അന്വേഷണസംഘം അതിനും തയാറായിട്ടില്ല. ഇതോടെ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ നിര്‍ണായക ചോദ്യം ചെയ്യലില്‍ ആശയക്കുഴപ്പം തുടരുന്നു. അതിനിടെ ദേവസ്വം മുന്‍ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തല്‍കാലം ഒഴിവായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ഇന്നലെ പത്തനംതിട്ട ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ അറസ്റ്റിന് എസ്.ഐ.ടി ഒരുങ്ങിയിരുന്നു. അതിനിടെയാണ് ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത്. കൊട്ടാരക്കര ജയിലില്‍ തുടരുന്ന എന്‍.വാസുവിനെ നാളയെ മറ്റന്നാളോ കസ്റ്റഡിയില്‍ വാങ്ങും