ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നസാക്ഷാൽക്കാരത്തിലേയ്ക്ക് നമ്മൾ അതിവേഗം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ മുന്നേറ്റത്തിനു പകിട്ടേറ്റുന്ന മനോഹരമായ ഒരു പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്ന് കൊച്ചിയിൽ നടന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. തുരുത്തിയിൽ നിർമ്മിച്ച ഇരട്ട ഭവനസമുച്ചയങ്ങൾ 394 കുടുംബങ്ങൾക്കാണ് സമർപ്പിച്ചത്.
ഈ ഭവനസമുച്ചയങ്ങൾ രാജ്യത്തിനു മുന്നിൽ കേരള മാതൃകയായി തലയയുർത്തി നിൽക്കുകയാണ്. അതിനു നേതൃത്വം നൽകിയ കൊച്ചി നഗരസഭയെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
85.75 കോടി രൂപയാണ് പദ്ധതി നിർവ്വഹണത്തിനായി ചെലവഴിച്ചത്. 10,796.42 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളതാണ് ഒന്നാമത്തെ ടവർ. 11 നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ടവറിൽ 199 കുടുംബങ്ങൾക്കാണ് ഫ്‌ളാറ്റ് ഒരുക്കിയിട്ടുള്ളത്. 81 പാർക്കിംഗ് സ്ലോട്ടുകൾ, 105 കെ എൽ ഡി കപ്പാസിറ്റിയുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, 3 എലവേറ്ററുകൾ, 3 സ്റ്റെയർകേസുകൾ എന്നിവയുമുണ്ട്. ഈ ഫ്‌ളാറ്റ് സമുച്ചയത്തിന് താഴെ ഒരു അംഗനവാടിയും 14 കടമുറികളും പ്രവർത്തിക്കും. രണ്ടാമത്തെ ടവറിലാകട്ടെ 13 നിലകളിൽ, ആകെ 195 പാർപ്പിടങ്ങളാണ് ഉള്ളത്. 10,221 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പണിതിരിക്കുന്നത്. താഴത്തെ നിലയിൽ 18 കടമുറികളും, പാർക്കിംഗ് സൗകര്യവുമുണ്ട്.
ഭവനരഹിതരില്ലാത്ത കേരളം എന്ന ആശയം മുന്നോട്ടുവച്ചപ്പോൾ അസാധ്യം എന്നുപറഞ്ഞ് അതിനെ തള്ളിക്കളഞ്ഞവരുണ്ട്. അപ്രായോഗികം എന്നു വിശേഷിപ്പിച്ചവരുണ്ട്. എന്നാൽ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ കിടപ്പാടം ഇല്ലാത്ത ഒരാൾ പോലും നമ്മുടെ സംസ്ഥാനത്ത് ഉണ്ടാകരുത് എന്ന ലക്ഷ്യം നമ്മൾ പൂർത്തീകരിക്കും എന്ന ദൃഢനിശ്ചയമാണ് സർക്കാരിനെ നയിക്കുന്നത്. ഇന്ന് ഈ തുരുത്തിയിൽ വിരിഞ്ഞ ആഹ്ളാദം നിറഞ്ഞ ചിരികൾ അതിനെ കൂടുതൽ കരുത്തുറ്റതാക്കുന്നു. ആ ലക്ഷ്യത്തിലേയ്ക്ക് ഇനി അധികദൂരമില്ല. ഒരുമിച്ച് ഒറ്റക്കെട്ടായി നമുക്ക് മുന്നോട്ടു പോകാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.