അയ്യപ്പസംഗമത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചതിനെതിരെ സംഘടനയില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ നേരിട്ടോളാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സമദൂരത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എന്‍.എസ്.എസ് പ്രതിനിധികളെ ബോധ്യപ്പെടുത്തിയെന്ന് പ്രതിനിധിയോഗത്തിന് ശേഷം സുകുമാരന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ നിലപാട് പറഞ്ഞുകഴിഞ്ഞെന്നും ഈ വിഷയം പറയാന്‍ ആരും പെരുന്നയിലേക്ക് വരേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. സെക്രട്ടറിയുടെ വിശദീകരണം ബോധ്യപ്പെട്ടെന്ന നിലപാടിലാണ് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍.

പ്രതിനിധിയോഗത്തിന് മുന്‍പു തന്നെ പ്രതിഷേധങ്ങളെ സുകുമാരന്‍ നായര്‍ തള്ളിയിരുന്നു. തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടിട്ടില്ലെന്നും പന്തളം കൊട്ടാരത്തിന് മറുപടി പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.കാര്യം മനസിലാക്കട്ടെ, കരയോഗങ്ങള്‍ തിരുത്തിക്കോളും എന്നായിരുന്നു യോഗത്തിന് മുന്‍പ് അദ്ദേഹം പറഞ്ഞത്.

അതേസമയം, എന്‍.എസ്.എസിനെ അനുനയിപ്പിക്കാനില്ലെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. അനുനയിപ്പിക്കാനുള്ള ശ്രമം വിഫലമായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് നിങ്ങളോടാരാ പറഞ്ഞത് എന്ന മറുചോദ്യമാണ് സതീശന്‍ ഉന്നയിച്ചത്. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി അയയുന്നില്ലല്ലോ എന്ന ചോദ്യത്തിന് അയയാന്‍ ഞങ്ങള്‍ പറഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു ഉത്തരം. ഞങ്ങളുടേത് രാഷ്ട്രീയതീരുമാനമാണ്. പ്രീണനനയം ഞങ്ങള്‍ക്കില്ല, അത് സി.പി.എം നയമാണ്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.

ഇതിനിടെ, സുകുമാരന്‍ നായരുടെ രാജി ആവശ്യപ്പെട്ട് ‍‍‍‍ഈരാറ്റുപേട്ടയിലും  ബാനര്‍ പ്രത്യക്ഷപ്പെട്ടു. ചേന്നാട് കരയോഗത്തിന് മുന്നിലാണ് ബാനര്‍. വിശ്വാസികളെ പിന്നില്‍ നിന്ന് കുത്തിയെന്നും പിണറായിക്ക് പാദസേവ ചെയ്യുന്നെന്നും വിമര്‍ശനമുണ്ട്. കരയോഗത്തിലെ അംഗങ്ങള്‍ എന്ന പേരിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ബാനര്‍ അഴിച്ചുമാറ്റുകയും ചെയ്തു. അഴിച്ചു മാറ്റിയത് കരയോഗം ഭാരവാഹികളെന്നാണ് കരയോഗം അംഗങ്ങൾ പറയുന്നത്.

ENGLISH SUMMARY:

Strong protests have erupted against NSS General Secretary Sukumaran Nair over his stance on the Ayyappa Sangamam. Responding to criticism, Nair clarified that there are not just karayogams in Thiruvananthapuram or Kanayannoor but a total of 5,600 across Kerala. He stated that Congress and BJP leaders are not connected to the issue and declined to respond to the Pandalam royal family. “Let them understand the matter, we will correct it,” he said in reply to the protests. Meanwhile, banners demanding his resignation have appeared in Kottayam, accusing him of betraying devotees and siding with Chief Minister Pinarayi Vijayan. At the same time, the NSS representative Sabha is set to meet today at the NSS headquarters in Perunna to approve the balance sheet and financial reports, while also possibly discussing the ongoing Ayyappa Sangamam controversy.