ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായി ജെ.പി. നഡ്ഡ ഇന്ന് സംസ്ഥാനത്ത്. ഉച്ചയ്ക്ക് 12 മണിയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന അദ്ദേഹം കാര്‍മാര്‍ഗം കൊല്ലത്തേയ്ക്ക് പോകും. പുനഃസംഘടിപ്പിച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തുന്നത്. വള്ളിക്കാവില്‍ എത്തി മാതാ അമൃതാനന്ദമയിക്ക് ജന്മദിനാശംസകള്‍ നേരും. കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നത് സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ വരവ്. എയിംസ് സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹത്തില്‍നിന്ന് ഉണ്ടാകുമോയെന്നാണ് കാണേണ്ടത്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന ബിജെപി നേതൃയോഗം ഇന്ന് കൊല്ലത്ത്. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായശേഷമുള്ള ആദ്യപൂര്‍ണ സംസ്ഥാനകമ്മിറ്റിയാണ് ജെ.പി.നഡ്ഡയുടെ സാന്നിധ്യത്തില്‍ ഇന്നു നടക്കുന്നത്. അയ്യപ്പസംഗമത്തിനുശേഷം എന്‍.എസ്.എസും , എസ്.എന്‍.ഡി.പിയുമെടുത്ത ഇടതു അനുകൂല നിലപാടിനിടെയാണ് നേതൃയോഗം.
ബിഡിജെഎസ് എത്തിയിട്ടും വെള്ളാപ്പള്ളി ഇടതു അനുകൂല നിലപാടെടുത്തു, എന്‍.എസ്.എസിനെ അനുനയിപ്പിക്കാനും കഴിഞ്ഞില്ല , പല വിഷയങ്ങളിലും രാഷ്ട്രീയ നിലപാടെടുക്കാന്‍ നേതൃത്വത്തിനു കഴിയുന്നില്ല, പ്രവര്‍ത്തകരെക്കാള്‍ ഇവന്‍റ് മാനേജ്മെന്‍റിനു പ്രാധാന്യം നല്‍കുന്നു ഇങ്ങനെ ഒരു പിടി വിഷയങ്ങള്‍ ഒരു വിഭാഗം നേതാക്കള്‍ ഉയര്‍ത്തുന്നതിനിടയ്ക്കാണ് നേതൃയോഗം കൊല്ലത്ത് ചേരുന്നത്. ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ഉടന്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എയ്ക്കൊപ്പം നില്‍ക്കുമ്പോഴും വെള്ളാപ്പള്ളി തുടര്‍ച്ചയായി ഇടതു അനുകൂല നിലപാടെടുക്കുന്നത് നേതൃത്വത്തിന്‍റെ ശ്രദ്ദയിലേക്ക് നേതാക്കള്‍ കൊണ്ടു വന്നേക്കും. പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെ 500 പേര്‍ പങ്കെടുക്കുന്ന യോഗം ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ചേരുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നേരത്തെ തന്നെ ആരംഭിച്ച മിഷന്‍ 2025 ന്‍റെ അവലോകന റിപ്പോര്‍ട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു കൈമാറിയേക്കും.