കൊല്ലം ഇരവിപുരത്ത് 66 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്ന വീടിന്‍റെ ഉടമയായ ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതിയായ വഞ്ചിക്കോവിൽ സ്വദേശി ദീപു ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് ഇരവിപുരം പൊലീസ് അറിയിച്ചു.
ഇന്നലെ അർധരാത്രിയോടെ ആയിരുന്നു വൻ പുകയില ഉത്പന്ന വേട്ട. ഇരവിപുരം വഞ്ചിക്കോവിലിലെ വീട്ടിലും രണ്ട് കാറുകളിലുമായി സൂക്ഷിച്ചിരുന്ന 66 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. സിറ്റി ഡാൻസാഫ് സംഘവും ഇരവിപുരം പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. വീട്ടുടമായായ 25 കാരൻ ആദർശിനെ പൊലീസ് അറസ്റ്റ് ചെയ്തു.വഞ്ചിക്കോവിൽ സ്വദേശിയായ ദീപുവാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്നാണ് പൊലീസിൻ്റെ നിഗമനം. ഉത്പന്നങ്ങൾ ആദർശിൻ്റെ വീട്ടിൽ സൂക്ഷിച്ച് ഏറെ നാളായി വിൽപന നടന്നുവരികയായിരുന്നു. സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചായിരുന്നു വിൽപന. ദീപു ഒളിവിലാണെന്നും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ദീപുവിനെതിരെ നേരത്തെയും സമാനകേസുണ്ട്.