നാളെ നടക്കാനിരുന്ന തിരുവോണം ബംപറിന്‍റെ നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് മാറ്റി. ജി.എസ്.ടി മാറ്റം, മഴ എന്നി കാരണം ടിക്കറ്റുകളുടെ വില്‍പന പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. നറുക്കെടുപ്പ് നീട്ടി വയ്ക്കണമെന്ന് ഏജന്‍റുമാരും വില്‍പനക്കാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നാളെ ഉച്ചയക്ക് 2 മണിക്ക് നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഒക്ടോബര്‍ നാലിലേക്ക് മാറ്റിയിരിക്കുന്നത്. ജി.എസ്.ടി മാറ്റം, മഴ എന്നിവ കാരണം ടിക്കറ്റുകള്‍ പൂര്‍ണമായും വിറ്റഴിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ നറുക്കെടുപ്പ് നീട്ടി വയ്ക്കണമെന്നും ഏജന്‍റുമാരും വില്‍പനക്കാരും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതംഗീകരിച്ചാണ് സര്‍ക്കാരിന്‍റെ നടപടി. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇത്തവണ അച്ചടിച്ച് വിപണിയില്‍ എത്തിച്ചിരിക്കുന്നത്.
സാധാരണ ടിക്കറ്റ് വിറ്റ് തീരുന്ന മുറക്കാണ് ഏജന്‍റുമാര്‍ ലോട്ടറി വകുപ്പില്‍ നിന്ന് ടിക്കറ്റുകള്‍ വാങ്ങാറ്. പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തില്‍ വരുന്നതിനാല്‍ അച്ചടിച്ച ടിക്കറ്റുകള്‍ മുഴുവന്‍ ഏജന്‍റുമാര്‍ വാങ്ങിവച്ചു. അവയുടെ വില്‍പന ഏറ്റവും കൂടുതല്‍ നടക്കേണ്ട അവസാന രണ്ട് ദിവസങ്ങളില്‍ മഴയും വില്ലനായി. ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റ് തീര്‍ക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെയാണ് നറുക്കെടുപ്പ് നീട്ടി വയ്ക്കണമെന്ന് ഏജന്‍റുമാരും വില്‍പനക്കാരും ആവശ്യപ്പെട്ടത്.
25 കോടി രൂപയാണ് ഈവര്‍ഷത്തെ ഓണം ബംപറിന്‍റെ ഒന്നാം സമ്മാനം. 75 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഏജന്‍റുമാര്‍ക്ക് നല്‍കിയത്. 500 രൂപയാണ് ടിക്കറ്റ് വില. ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.