തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ശതാബ്ദി നിറവിൽ. കേരളത്തിലെ ആയുർവേദ വിദ്യാഭ്യാസ - ചികിത്സാ മേഖലകളിൽ മികച്ച സ്ഥാനമാണ് കോളേജിനുള്ളത്. മരങ്ങളും ഔഷധസസ്യങ്ങളും നിറഞ്ഞ ക്യാമ്പസ് നഗരത്തിനുള്ളിലെ ഒരു അത്ഭുത കാഴ്ച കൂടിയാണ്.
പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യം വഹിക്കുന്ന കലാലയം. നൂറു വർഷത്തെ പ്രൗഢിയും ചരിത്രവും. കൊച്ചി രാജാവിന്റെ ഉത്തരവ് പ്രകാരം രാമവർമ്മ സംസ്കൃതകോളേജിൽ ആയുർവേദ പഠനത്തിനായുള്ള ഒരു പാഠശാല 1926ൽ ആരംഭിക്കുകയുണ്ടായി. സംസ്കൃത കോളേജിൽ ഒരു പ്രത്യേക കോഴ്സായി ആരംഭിച്ച ആയുർവേദപഠനം ഒരു സ്വതന്ത്ര കലാലയം എന്ന നിലയിലേക്ക് ഉയർന്നത് 1959 ലാണ്. അതേ വർഷം തന്നെ ഹിൽപാലസ് പരിസരത്തുള്ള അതിഥിമന്ദിരത്തിലേക്ക് ആയുർവേദകോളേജ് മാറ്റി സ്ഥാപിക്കുകയും ചെയ്തു. 1964ലാണ് പുതിയകാവിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലം സർക്കാർ ആയുർവേദ കോളേജിനായി അനുവദിച്ചത്.
ക്യാമ്പസിനുള്ളിൽ തന്നെയാണ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉള്ള ഹോസ്റ്റലുകൾ. കേരളത്തിന് പുറത്തുനിന്നുള്ള കുട്ടികളും കോളേജിൽ പഠിക്കുന്നു. വിശാലമായ ക്യാമ്പസ് പച്ചപ്പ് നിറഞ്ഞതാണ്. വൻമരങ്ങൾ മുതൽ ചെറു ഔഷധസസ്യങ്ങൾ വരെ. സംസ്ഥാനത്തു തന്നെ ഏറ്റവും മികച്ച ഔഷധസസ്യത്തോട്ടവും ഔഷധനിർമ്മാണശാലയും ഇവിടെയാണുള്ളത്. ആയുർവേദ ബിരുദപഠനത്തോടൊപ്പം നിലവിൽ ഗവേഷണ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു.