Image Credit: Facebook
ഭൂട്ടാനില്‍ നിന്ന് ആഡംബര കാറുകള്‍ വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് കടത്തിയതില്‍ കോയമ്പത്തൂരില്‍ നിന്നുള്ള സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി കസ്റ്റംസ്. കസ്റ്റംസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡിയും പരിശോധന ആരംഭിച്ചു. നടന്‍ അമിത് ചക്കാലയ്ക്കലിന്‍റെ യാത്രകളില്‍ അന്വേഷണം നടത്തുന്നുണ്ട്. തന്‍റെ വാഹനത്തിന്‍റെ രേഖകള്‍ കസ്റ്റംസിന് കൈമാറിയതായും വിദേശയാത്രകള്‍ക്ക് വിലക്കില്ലെന്നും അമിത് മനോരമ ന്യൂസിനോട് പറഞ്ഞു.
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് മോഷ്ടിച്ചതടക്കമുള്ള ആഡംബര കാറുകള്‍ വ്യാജ ഉടമസ്ഥതാ രേഖകളുണ്ടാക്കി ഭൂട്ടാന്‍ വഴി ഇന്ത്യയിലേയ്ക്ക് കടത്തുന്ന റാക്കറ്റിന്‍റെ മുഖ്യകണ്ണി ഭൂട്ടാന്‍ റോയല്‍ ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥനാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഭൂട്ടനില്‍ നിന്ന് വാഹനങ്ങള്‍ പാര്‍ട്സുകളാക്കി കോയമ്പത്തൂരിലെത്തിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ഉൗര്‍ജിതമാക്കി. കോയമ്പത്തൂരില്‍ വച്ച് അസംബിള്‍ ചെയ്ത് ആവശ്യക്കാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുകയായിരുന്നു.
നടന്‍ അമിത് ചക്കാലക്കല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അമിത് നടത്തിയ വിദേശയാത്രങ്ങളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. ഇറക്കുമതിയുടെയും മുന്‍പ് കൈവശം വച്ചിരുന്നവരുടെയും അടക്കം വിശദരേഖകള്‍ കസ്റ്റംസിന് കൈമാറിയതായി അമിത് പ്രതികരിച്ചു. തനിക്ക് വിദേശയാത്രകള്‍ക്ക് വിലക്കില്ല. തന്‍റെ ഗാരിജിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുടെ ഉടമകളും രേഖകള്‍ സമര്‍പ്പിക്കുമെന്ന് അമിത്.
ഭൂട്ടാന്‍ വാഹനത്തട്ടിപ്പ് സംഘത്തിന്‍റെ ഇന്ത്യയിലെ ഇടപാടുകള്‍ക്ക് ചരട് വലിക്കുന്നത് നാഗാലന്‍ഡ് സ്വദേശിയാണെന്നാണ് നിഗമനം. ഇയാളുടെ മലയാളി ഏജന്‍റ് വഴിയാണ് നടന്‍മാര്‍ക്ക് അടക്കം കാറുകള്‍ വിറ്റത്. കസ്റ്റംസില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇഡിയും പരിശോധന ആരംഭിച്ചു.