തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് അവസാനവട്ട വോട്ടര്‍ പട്ടിക പരിഷ്കരണം ഒക്ടോബറില്‍. രണ്ടു ദിവസത്തിനകം കൃത്യമായ തിയതി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കലക്ടര്‍മാരോട് ക്രമീകരണങ്ങള്‍ ഉറപ്പാക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
വാര്‍ഡ് പുനര്‍നിര്‍ണയ പ്രക്രിയ അന്തിമ ഘട്ടത്തിലേക്ക് കടന്നതിന് ശേഷമാണ് വോട്ടര്‍പട്ടിക ഒന്നു കൂടി പുതുക്കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചത്. പേരുകള്‍ചേര്‍ക്കുക, ഒഴിവാക്കുക, തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്തുക എന്നിവ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വാര്‍ഡ് പുനര്‍നിര്‍ണയത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ വോട്ടര്‍ പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ ഏറെയാണ്.
15 – 20 ദിവസത്തിനുള്ളില്‍ അവസാന വട്ട പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്‍പ് തിരഞ്ഞെടുപ്പ് നടന്ന 2020ല്‍ ജൂണിലും ഒക്ടോബറിലും പട്ടിക പുതുക്കിയിരുന്നു. പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, സംവരണവാര്‍ഡുകളുടെ നറുക്കെടുപ്പ് എന്നിവയും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
പരിശീലന പരിപാടികള്‍ ഇന്ന് തുടങ്ങി ഒക്ടോബര്‍ 10 ന് പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള ഉദ്യോഗസ്ഥരുടെയും റിസര്‍വ് ഉദ്യോഗസ്ഥരുടെയും പട്ടികയും ഉടന്‍ തയ്യാറാക്കും. അതിന് മുന്നോടിയായി ഒക്ടോബര്‍ മൂന്നു മുതല്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റരുതെന്ന് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.