Image Credit: Facebook

ഭൂട്ടാൻ വാഹനക്കള്ളക്കടത്ത് കേസില്‍ നടന്‍ അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് കസ്റ്റംസ് അന്വേഷണം. വിദേശ നിര്‍മിത കാറുകളുടെ വില്‍പനയില്‍ അമിത്  മുഖ്യഇടനിലക്കാരനാണെന്നും കോയമ്പത്തൂരിലെ വാഹന മാഫിയയുമായി അമിത്തിന് അടുത്ത ബന്ധമെന്നും കസ്റ്റംസ് കണ്ടെത്തി. വാഹനകള്ളക്കടത്തിന് കൂട്ടു നിന്ന് ഹിമാചലിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്താനും അന്വേഷണം തുടങ്ങി.  

വെറും കെയറോഫല്ല വാഹനകച്ചവടത്തില്‍ അമിത് ചക്കാലയ്ക്കലിന്‍റെ വലിയ പങ്കുണ്ടെന്നാണ് കസ്റ്റംസിന്‍റെ പരിശോധനയിലെ കണ്ടെത്തല്‍. സിനിമ താരങ്ങള്‍ക്കടക്കം വിദേശത്ത് നിന്നുള്ള കാറുകള്‍ എത്തിച്ച് നല്‍കുന്നതില്‍ മുഖ്യ ഇടനിലക്കാരനാണ് അമിത്തെന്നും കസ്റ്റംസ് പറയുന്നു. അന്തര്‍സംസ്ഥാന വാഹനയിടപാടുകള്‍ നടത്തുന്ന മാഫിയയുമായി ബന്ധപ്പെട്ടാണ് അമിതിന്‍റെ പ്രവര്‍ത്തനമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അമിത് നടത്തിയിട്ടുള്ള സാമ്പത്തികയിടപാടുകളും വാഹനക്കച്ചവടം സംബന്ധിച്ചും സമഗ്രമായ അന്വേഷണത്തിനാണ് കസ്റ്റംസ് തുടക്കം കുറിച്ചത്. കൊയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമാഫിയ സംഘത്തിന്‍റെ കണ്ണിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണമുണ്ടാകും.  

പരിവാഹന്‍ സൈറ്റിലടക്കം കൃത്രിമം നടന്നത് മോട്ടോര്‍വാഹനവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്നാണ് നിഗമനം. വാഹനകള്ളക്കടത്തിന്‍റെ ഉറവിടം ഷിംല റൂറലിലെ ആര്‍ടിഓഫീസാണെന്നാണ് നിലവിലെ കണ്ടെത്തല്‍. ഇവിടെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിന്നീട് പല സംസ്ഥാനങ്ങളിലെത്തിച്ച് റീ റജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ട്. കേരളത്തിലടക്കം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത വാഹനത്തിന്‍റെ ഉടമകളായ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നോട്ടിസയക്കും. ഇന്നലെ കുണ്ടന്നൂരിലെ വര്‍ക്‌ഷോപ്പില്‍ നിന്ന് പിടികൂടിയ ലാന്‍ഡ് ക്രൂസറിന്‍റെ ഉടമ മാഹിന്‍ മൂവാറ്റുപുഴ സ്വദേശിയാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. 92 മോഡല്‍ വാഹനം അരുണാചല്‍ പ്രദേശ് രജിസ്ട്രേഷനിലാണ്. വാഹനകള്ളക്കടത്ത് സംഘവുമായി മാഹിന് അടുത്ത ബന്ധമെന്നാണ് കസ്റ്റംസ് നല്‍കുന്ന വിവരം. 

ENGLISH SUMMARY:

Customs has intensified its investigation into actor Amit Chakkalakkal over his alleged involvement in the Bhutan vehicle smuggling case. Officials claim Amit acted as a key middleman in the sale of luxury foreign-made cars and maintained close ties with the Coimbatore-based vehicle mafia. The probe also focuses on suspected collusion by Himachal Pradesh Motor Vehicle Department officials, particularly from Shimla Rural, where most of the smuggled vehicles were registered under the code ‘HP 52’. Investigators are examining Amit’s past financial dealings, while a mafia link from Tamil Nadu has already been questioned. The Assam-based suspect Mahin, believed to be a central figure in the racket, is also under scrutiny, with his Land Cruiser recently seized from a workshop in Kundannoor.