കൊല്ലത്ത് സൈനികനായ മകന്‍റെ മരണകാരണം കസ്റ്റഡി മര്‍ദനമാണെന്ന അമ്മയുടെ ആരോപണത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ നല്‍കാമെന്നു പൊലീസ്. കസ്റ്റഡിയിലെടുത്ത ദിനം മുതലുള്ള ദൃശ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് 9 മാസമായി നടന്നിട്ടും ഫലമില്ലാതയതോടെയാണ് അമ്മ ഡെയ്സിമോള്‍ ദൃശ്യങ്ങള്‍ക്കായി പൊലീസിനെ സമീപിച്ചത്.
ഭാര്യയുടെയും ഭാര്യ വീട്ടുകാരുടേയും പരാതിയില്‍ 2024 ഒക്ടോബര്‍ 11 ന് രാത്രി 11 മണിയ്ക്കാണ് മദ്രാസ് എന്‍ജിനിയറിങ്ങ് ഗ്രൂപ്പിലെ സൈനികനായ തോംസണ്‍ തങ്കച്ചനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. 32 കാരനായ തോംസണെ പിന്നീട് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് കഴിഞ്ഞു പുറത്തിറങ്ങിയ തോംസണ്‍ ഡിസംബര്‍ 27 നു വീട്ടില്‍വെച്ച് മരിക്കുകയായിരുന്നു. കസ്റ്റഡി മര്‍ദനത്തിനു തെളിവായി അടിയുടെ പാടുള്ള ഫോട്ടോയും കാട്ടിയാണ് മകന്‍റെ മരണം കസ്റ്റഡി മരണമാണെന്നു അമ്മ ആരോപിക്കുന്നത്. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് വിവരാവകാശ നിയമപ്രകാരം ഡെയ്സിമോള്‍ ദൃശ്യങ്ങള്‍ക്കായി പൊലീസിനെ സമീപിച്ചത്.
56 ജിബി പെന്‍ഡ്രൈവ് വേണമെന്നു പറഞ്ഞു. ഞാന്‍ വാങ്ങി നല്‍കും. എല്ലാ ദൃശ്യങ്ങളും വേണം, ഞാന്‍ ആവശ്യപ്പെട്ട ദൃശ്യങ്ങളില്ലെങ്കില്‍ അപ്പീലിനു പോകുമെന്നും തോംസണ്‍ തങ്കച്ചന്‍റെ അമ്മ ഡെയ്സിമോള്‍ പറഞ്ഞു. മകന്‍റേത് കസ്റ്റഡി മരണമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഈ അമ്മ മുട്ടാത്ത വാതിലുകളില്ല. എന്നാല്‍ നിരാശയയായിരുന്നു ഫലം. കഴിഞ്ഞ ദിവസം അമ്മയുടെ പരാതിയില്‍ ഡിഐജി വീട്ടില്‍ നേരിട്ടെത്തുമെന്നറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം കാലുമാറി. എത്ര നടന്നാലും നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നു ഡയ്സിമോള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.