പുതിയതായി ആരംഭിച്ച മെഡിക്കല്‍ കോളജുകളിലേക്ക് ഡോക്ടര്‍മാരെ മാറ്റി നിയമിക്കുന്നത് കാരണം നിലവിലുള്ള ആശുപത്രികളില്‍ പ്രതിസന്ധി. കാസര്‍കോട് മെഡിക്കല്‍ കോളജിലേക്ക് വിവിധ ആശുപത്രികളില്‍ നിന്ന് 14 പേരെയാണ് കഴിഞ്ഞദിവസം മാറ്റി നിയമിച്ചത്. പുതിയ തസ്തിക സൃഷ്ടിക്കാതെ നിലവിലുള്ളവരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് KGMCTA ആവശ്യപ്പെട്ടു.
വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളജുകളില്‍ ദേശീയ മെഡിക്കല്‍ കമ്മിഷന്‍റെ പരിശോധനയ്ക്ക് മുന്നോടിയായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് 61 ഡോക്ടര്‍മാരെയാണ് മൂന്നുമാസം മുമ്പ് മാറ്റിയത്. കഴിഞ്ഞ ഒമ്പതിനാണ് ഇവരെ തിരികെ നിയമിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവായത്. ഇതിന് പിന്നാലെയാണ് കോഴിക്കോട്, ആലപ്പുഴ, തൃശൂര്‍, കൊല്ലം, മഞ്ചേരി മെഡിക്കല്‍ കോളജുകളില്‍ നിന്നായി 14 അസിസ്റ്റന്‍റ് പ്രഫസര്‍മാരെ കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്. ദേശീയ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം കിട്ടാന്‍ വേണ്ടിയാണിത്.
പുതിയയതായി തുടങ്ങിയ കാസര്‍കോട് 59 ഉം വയനാട് 37 ഉം , കോന്നിയില്‍ 25 ഉം ഇടുക്കിയില്‍ 22ഉം ഒഴിവുകളുമാണുള്ളത്. ഗൈനകോളജി വിഭാഗത്തില്‍ മാത്രം 50 ഒഴിവുണ്ട്. പുതിയ തസ്തിക സൃഷ്ടിക്കാതെ എത്രകാലം സ്ഥലം മാറ്റി മുന്നോട്ടുപോകുമെന്നാണ് കെജിഎംസിടിഎയുടെ ചോദ്യം.