പത്തനംതിട്ട ചെറുകോൽപുഴയിൽ കോൺഗ്രസ് പ്രവർത്തകനെ സിപിഎം പ്രാദേശിക നേതാക്കൾ ഉൾപ്പെടെ ആൾകൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കോൺഗ്രസ് വാർഡ് പ്രസിഡന്‍റ് എം.എം.വർഗീസാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. എന്നാൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വർഗീസിനെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കുകയാണ് ചെയ്തതെന്ന് സിപിഎം പ്രാദേശിക നേതൃത്വം പറഞ്ഞു.
വിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തൊടുപുഴ സ്വദേശിയിൽ നിന്ന് വർഗീസ് പണം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിലെത്തിയത്. തൊടുപുഴ സ്വദേശികളും സിപിഎം പ്രാദേശിക നേതാക്കളും ചേർന്ന് കയർ കെട്ടി വലിച്ചു കൊണ്ടു പോയി രണ്ടുമണിക്കൂറോളം മർദ്ദിച്ചു എന്നാണ് പരാതി. പൊലീസ് സ്റ്റേഷനിൽ തീർക്കേണ്ട വിഷയം പ്രാദേശിക സിപിഎം നേതൃത്വം രാഷ്ട്രീയമായി ഏറ്റെടുത്ത് പകപോക്കുകയായിരുന്നെന്നും വർഗീസ്.
അതേസമയം വർഗീസിന് മർദ്ദനമേൽക്കുന്നു എന്നറിഞ്ഞ് രക്ഷിക്കാനെത്തിയതാണെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ വർഗീസ് ഇക്കാര്യം പറഞ്ഞിട്ടുണ്ടെങ്കിലും പിന്നീട് മാറ്റിപ്പറയുന്നത് എന്തിനെന്നറിയില്ലെന്നും സിപിഎം. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരിക്കേറ്റ വർഗീസ്.