അയ്യപ്പസംഗമം കേരളത്തിന്‍റെ അഭിവൃദ്ധിക്കെന്ന് ഇ.പി.ജയരാജന്‍. ശബരിമല വളര്‍ന്നാല്‍ കേരളം വികസിക്കും. അതുപോലെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ വളര്‍ന്നുവരുന്നത് നാടിന്‍റെ ഐശ്വര്യമാണെന്നും ഇപി മാധ്യമങ്ങളോട് പറഞ്ഞു. വിശ്വാസം വ്യക്തിപരമായ കാര്യമാണ്. അത് സംരക്ഷിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
'അയ്യപ്പസംഗമം പരാജയമാണെന്ന് കരുതുന്നവര്‍ കരുതിക്കോട്ടെ. ഞങ്ങള്‍ അതിനോട് യോജിക്കുന്നില്ല. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളുണ്ട്. ഞങ്ങളുടെ കൈവശം വന്നിരിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇനി ആര്‍എസ്എസ് എന്നല്ല ആര്‍ക്ക് വേണമെങ്കിലും ഇത്തരത്തില്‍ സംഗമം സംഘടിപ്പിക്കാം. ഇതൊരു അന്താരാഷ്ട്ര നിലവാരത്തില്‍ വളര്‍ത്തിയെടുക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആഗ്രഹിച്ചത്. അത് കേരളത്തിന്‍റെ താല്‍പര്യമാണ്. അത് പത്തനംതിട്ടയുടെയും കോട്ടയത്തിന്‍റെയും എറണാകുളത്തിന്‍റെയുമൊക്കെ വലിയതോതിലുള്ള വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും' ഇപി വിശദീകരിച്ചു.