മുന്‍മാനേജരെ മര്‍ദിച്ചെന്ന കേസില്‍ നടന്‍ ഉണ്ണിമുകുന്ദന് നോട്ടിസ്. നേരിട്ട് ഹാജരാകണമെന്ന് കാക്കനാട് മജിസ്ട്രേറ്റ് കോടതി. ഒക്ടോബര്‍ 27 ന് ഹാജരാകണമെന്നാണ് നിര്‍ദേശം. കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ മാനേജർ വിപിൻകുമാറിനെ ഉണ്ണി മുകുന്ദൻ മർദിച്ചിട്ടില്ലെന്നും പിടിവലി മാത്രമേ നടന്നിട്ടുള്ളൂ എന്നുമാണ് പൊലീസ് കുറ്റപത്രം.
പിടിവലിക്കിടെ മാനേജരുടെ കണ്ണട താഴെ വീണു പൊട്ടിയതായും കൈത്തണ്ട ചെറുതായി ഉരഞ്ഞതായും കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഉണ്ണി മുകുന്ദൻ മാനേജരുടെ ഫ്ലാറ്റിലെത്തിയപ്പോൾ പാർക്കിങ് സ്ഥലത്തായിരുന്നു പിടിവലി. സിസിടിവി ക്യാമറകളിലോ സാക്ഷി മൊഴികളിലോ മർദനത്തിനു തെളിവില്ല. പരാതിക്കാരന്റെയും ഉണ്ണി മുകുന്ദന്റെയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ഉണ്ണി മുകുന്ദന്റെ പ്രതിഛായയ്ക്ക് മങ്ങലേൽക്കും വിധം മാനേജർ പ്രവർത്തിച്ചു എന്നാണ് ആക്ഷേപം. ഇതേക്കുറിച്ച് ചോദിക്കാനാണ് മാനേജരുടെ ഫ്ലാറ്റിൽ ഉണ്ണി എത്തിയത്. ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചു വരുത്തി മർദിച്ചെന്നും അപായപ്പെടുത്താൻ ശ്രമിച്ചെന്നുമായിരുന്നു മാനേജരുടെ പരാതി.
മാനേജറെ മർദിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്ന സമയത്ത് നടൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കിയിരുന്നു