യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നതിന്‍റെ ഭാഗമായി നേട്ടത്തിന് സാക്ഷിയായ ഓസ്‌ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയ്ക്കും അമലിനുമൊപ്പം ലോക്നാഥ് ബെഹ്റ കേക്ക് മുറിക്കുന്നു

യാത്രക്കാരുടെ എണ്ണം 50 ലക്ഷം കടന്നതിന്‍റെ ഭാഗമായി നേട്ടത്തിന് സാക്ഷിയായ ഓസ്‌ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയ്ക്കും അമലിനുമൊപ്പം ലോക്നാഥ് ബെഹ്റ കേക്ക് മുറിക്കുന്നു

സര്‍വീസ് തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് അപൂര്‍വ്വാണ്. ഇന്ന് ഉച്ചയോടെ ഫോര്‍ട്ട് കൊച്ചിയിലേക്ക് യാത്രചെയ്യാനെത്തിയ ഓസ്‌ട്രേലിയന്‍ മലയാളി ദമ്പതികളായ നൈനയും അമലും ഹൈക്കോര്‍ട്ട് ടെര്‍മിനലിലെ കൗണ്ടറില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിക്ക് ടിക്കറ്റെടുത്തതോടെ ഇതേവരെ യാത്ര ചെയ്തവരുടെ എണ്ണം അരക്കോടി കടന്നു. ഈ ചരിത്ര നേട്ടത്തിന് സാക്ഷിയായ നൈനയ്ക്ക് വാട്ടര്‍മെട്രേയുടെ ഉപഹാരം കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സമ്മാനിച്ചു. ചുരുങ്ങിയ റൂട്ടില്‍ സര്‍വ്വീസ് നടത്തി ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കാനായത് കൊച്ചി വാട്ടര്‍ മെട്രോ ഒരുക്കുന്ന ഉന്നത നിലവാരത്തിലുള്ള യാത്ര അനുഭവം കാരണമാണെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

2023 ഏപ്രില്‍ 25 നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് തുടങ്ങിയത്. സര്‍വ്വീസ് തുടങ്ങി ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാധാരണക്കാരുടെ മുതല്‍ കൊച്ചിയിലെത്തുന്ന വിവിഐപികളുടെ വരെ ആകര്‍ഷണ കേന്ദ്രമായി വാട്ടര്‍മെട്രോ സര്‍വ്വീസ് മാറി. ഇന്ന് ഈ മാതൃക പിന്തുടർന്ന് രാജ്യത്തെ 21 സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ പദ്ധതിയെക്കുറിച്ചുള്ള അന്വേഷണം വന്നുകഴിഞ്ഞു. ലോക ബാങ്കും വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കിയിട്ടുണ്ട്.

ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് 20 ബോട്ടുകളുമായി ഇപ്പോള്‍ സര്‍വ്വീസ് ഉള്ളത്. അഞ്ചിടത്ത് ടെര്‍മിനലുകളുടെ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്റ് ടെര്‍മിനലുകള്‍ ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് അന്തിമ ജോലികള്‍ പുരോഗമിക്കുകയാണ്. കുമ്പളം, പാലിയംതുരുത്ത്, കടമക്കുടി എന്നിവടങ്ങളില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി പ്രവര്‍ത്തന സജ്ജമാക്കും. 24 കിലോമീറ്ററോളം നീണ്ട അഞ്ച് റൂട്ടുകളിലായി രാവിലെ 7.30 മുതല്‍ രാത്രി 9 മണിവരെ 125 ട്രിപ്പുകളാണ് പ്രതിദിനം നടത്തുന്നത്. 

സര്‍വ്വീസ് തുടങ്ങി ആദത്തെ 107 ദിവസം കൊണ്ട് 10 ലക്ഷം യാത്രക്കാരെ സ്വന്തമാക്കിയ വാട്ടര്‍ മെട്രോ അടുത്ത 95 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 20 ലക്ഷമാക്കിയിരുന്നു. പിന്നീടുള്ള 185 ദിവസം കൊണ്ട് യാത്രക്കാരുടെ എണ്ണം 30 ലക്ഷവും 160 ദിവസം കൊണ്ട് 40 ലക്ഷവും ആയി. തുടര്‍ന്നുള്ള 161 ദിവസം കൊണ്ട് 50 ലക്ഷവും പിന്നിട്ട് വാട്ടര്‍ മെട്രോ അടുത്ത കുതിപ്പിനുള്ള ഊര്‍ജം സംഭരിച്ച് മുന്നേറുകയാണ്.

ENGLISH SUMMARY:

Kochi Water Metro has achieved a milestone of 5 million passengers in 29 months. This highlights its popularity and efficient transport services, making it a model for sustainable urban transportation.