വെറും 350 ഗ്രാം തൂക്കത്തിൽ ജനിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും ഭാരം കുറഞ്ഞ നവജാത ശിശുവിന് ഒരു വയസ്സ്. എറണാകുളം ലൂർദ് ആശുപത്രിയിലെ ചികിത്സയിലൂടെയാണ്, പെരുമ്പടപ്പ് സ്വദേശികളുടെ മകൻ നോവ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. കുഞ്ഞിന്റെ ആദ്യ പിറന്നാൾ ലൂർദ് ആശുപത്രിയിൽ ഗംഭീരമായി ആഘോഷിച്ചു.
ഗർഭകാലത്തിന്റെ 23ആം ആഴ്ചയിൽ ആയിരുന്നു കുഞ്ഞുനോവയുടെ ജനനം. 350 ഗ്രാം മാത്രം തൂക്കം. വളർച്ചയുടെ അപാകത, ഭാരക്കുറവ്, അമ്മയ്ക്കുണ്ടായിരുന്ന അണുബാധ, ശ്വാസകോശം അടക്കമുള്ള അവയവങ്ങളുടെ അപൂർണ്ണത തുടങ്ങി ഗുരുതര വെല്ലുവിളികൾ. ലൂർദ് ആശുപത്രിയിൽ ഡോ. റോജോ ജോയിയുടെ നേതൃത്വത്തിലുള്ള നിയോനേറ്റൽ വിഭാഗം കുഞ്ഞുനോവയുടെ സംരക്ഷണം ഏറ്റെടുത്തു. നൂറു ദിവസത്തിലധികം നീണ്ട അതിസങ്കീർണമായ ചികിത്സയിലൂടെ കുഞ്ഞ് പുതിയ ജീവിതത്തിലേക്ക്.
ഇന്നിതാ ഒന്നാം പിറന്നാൾ നിറവിലാണ് കുഞ്ഞുനോവ. വെൽഡിങ് തൊഴിലാളിയായ കെവിൻ ഡുറോയുടെയും സുജിഷയും ആദ്യത്തെ കുഞ്ഞാണ് നോവ.