ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞതോടെ സദസ്സിൽ ആളൊഴിഞ്ഞു. കേൾവിക്കാരായെത്തിയ വിവിധ ദേവസ്വം ബോർഡുകളിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടൻ മടങ്ങി. അയ്യപ്പ സംഗമത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പിന്തുണ അറിയിച്ചെന്ന് മന്ത്രി വി .എൻ . വാസവൻ വേദിയിൽ പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിന് പ്രമുഖ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും ക്ഷണിച്ചെങ്കിലും ഏതാനും പേർമാത്രമാണ് മറുപടി നൽകിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം മന്ത്രി വി എൻ വാസവൻ വേദിയിൽ വായിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെ സന്ദേശവും അദ്ദേഹം സദസിനെ അറിയിച്ചു. ഇതിനിടെ പ്രസംഗിക്കാൻ വിളിക്കാൻ വൈകിയതിൽ അതൃപ്തി പ്രകടമാക്കി തമിഴ്നാട് മന്ത്രി പളനിവേൽ ത്യാഗരാജൻ വേദി വിടാൻ തുടങ്ങി. സംഘാടകർ ഇടപെട്ടാണ് അനുനയിപ്പിച്ചത്.
വേദി വിടാൻ ശ്രമിച്ചതെല്ലെന്നും ശബരിമലയിൽ ദർശനം നടത്താൻ വൈകുമോ എന്ന ആശങ്കകൊണ്ട് പോകാൻ തുടങ്ങിയതാണെന്നും മന്ത്രി പിന്നീട് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞപ്പോൾ തന്നെ സദസ്സിൽ ആൾ ഒഴിയാൻ തുടങ്ങിയിരുന്നു. പ്രധാന ചർച്ചാവിഷയമായ ശബരിമല മാസ്റ്റർ പ്ലാൻ അവതരിപ്പിക്കുമ്പോൾ വേദിയുടെ മുൻനിരയിൽ മാത്രമായിരുന്നു കേൾവിക്കാർ. 3500 പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നുവെങ്കിലും വിവിധ ദേവസ്വം ജീവനക്കാർ മടങ്ങിയതോടെ പകുതിയിൽ താഴെ മാത്രമായി പങ്കാളിത്തം.