ഭരണഘടനയുടെ പുതിയ ഭേദഗതി ബില്ലുകൾക്കും മണ്ഡല പുനർനിർണയ നീക്കത്തിനുമെതിരെ പാർലമെന്റിൽ ആഞ്ഞടിക്കാൻ 'ഇന്ത്യ' (INDIA) മുന്നണി. വനിതാ സംവരണത്തിന്റെ മറവിൽ രാജ്യത്തെ മണ്ഡലങ്ങൾ വെട്ടിമുറിക്കാനും ജനാധിപത്യത്തെ അട്ടിമറിക്കാനുമുള്ള ബിജെപിയുടെ രഹസ്യ അജണ്ടയാണിതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം ബില്ലുകളെ ശക്തമായി എതിർക്കാൻ തീരുമാനിച്ചു. ഓരോ ബില്ലിന് പിന്നിലും രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢലക്ഷ്യമുണ്ടെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. വനിതാ സംവരണത്തെ 2010-ലും 2023-ലും പ്രതിപക്ഷം പിന്തുണച്ചതാണ്. എന്നാൽ അതിന്റെ പേരിൽ മണ്ഡലങ്ങൾ പുനർനിർണയിക്കാനുള്ള നീക്കം അനുവദിക്കില്ല.
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളിൽ തന്നെ ഉടൻ മുപ്പത്തിമൂന്ന് ശതമാനം വനിതാ സംവരണം നടപ്പിലാക്കണം എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. സീറ്റുകളുടെ എണ്ണം 850 ലേക്ക് ഉയർത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് മുന്നണി ആരോപിക്കുന്നു.
2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തിയാൽ കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയുണ്ടാകും. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതിന് ലഭിക്കുന്ന ശിക്ഷയാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. കോൺഗ്രസ്, ടി.എം.സി, ഡി.എം.കെ, ആം ആദ്മി പാർട്ടി തുടങ്ങിയ കക്ഷികളെല്ലാം യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ തിരക്കിട്ട് പാർലമെന്റ് സമ്മേളനം വിളിച്ചതിനെയും പ്രതിപക്ഷം ചോദ്യം ചെയ്തു. വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാതെ സഭയിൽ ഹാജരായി ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് 'ഇന്ത്യ' മുന്നണിയുടെ തീരുമാനം.
മണ്ഡല പുനർനിർണയ ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. "സ്ത്രീ ശാക്തീകരണത്തെ മറയാക്കി ആധിപത്യം ഉറപ്പിക്കാനുള്ള കുറുക്കുവഴിയാണിത്. ജനസംഖ്യ കുറഞ്ഞ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്നത് ഇരട്ടനീതിയാണ്. കേന്ദ്രം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്."
ബില്ലിന് മുൻപായി സർവകക്ഷിയോഗം വിളിക്കാനോ സമവായം ഉണ്ടാക്കാനോ കേന്ദ്ര സർക്കാർ തയ്യാറായില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മണ്ഡല പുനർനിർണയം സംബന്ധിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു പ്രതികരിച്ചെങ്കിലും, മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായ ഭരണഘടനാ ഭേദഗതി ബില്ലിന്റെ ഭാവി പ്രതിപക്ഷ നിലപാടിൽ നിർണ്ണായകമാകും. നാളെ ഈ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ വലിയ നാടകീയ രംഗങ്ങൾക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക.