മാവേലി സ്റ്റോറിനെ ചവിട്ടിത്താഴ്ത്താൻ വാമനൻ സ്റ്റോർ ഉണ്ടായിരുന്നോ. ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ ഇന്നലെ നിയമസഭയിൽ ഉയർത്തിയ ആരോപണം ആണിത്. കെ.കരുണാകരന്‍റെ ഭരണകാലത്ത് വാമന സ്റ്റോർ കൊണ്ടുവന്നു എന്നാണ് മന്ത്രി പറഞ്ഞത്. വസ്തുതാപരവും രാഷ്ട്രീയവുമായ പിശുകകൾ ഉണ്ടെങ്കിലും അങ്ങനെയൊരു ഒരു സ്റ്റോർ ഉണ്ടായിരുന്നു.
ഇത് ഏതാണ് ന്യൂജെൻ കേൾക്കാത്ത ഈ വാമന സ്റ്റോർ എന്ന അന്വേഷണം അവസാനിച്ചത് 137 വർഷത്തെ പാരമ്പര്യമുള്ള മലയാള മനോരമയുടെ പഴയ താളുകളിലാണ്. വാമന സ്റ്റോറിനെ കേട്ടതൊനും അല്ല , അതിനപ്പുറവും ഉണ്ട് എന്ന് മനസിലായി. സംഭവം ഇങ്ങനെയാണ്.
1981ലെ നായനാർ സർക്കാർ കാലത്ത് ഇ.ചന്ദ്രശേഖരൻ നായർ ഭക്ഷ്യമന്ത്രിയായിരിക്കെയാണ് മാവേലി സ്റ്റോറും ഓണച്ചന്തയും തുടങ്ങുന്നത്. മാവേലി സ്റ്റോറുകളെ ഭീഷണിയായി വ്യാപാരികൾ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഒരു സംരംഭം തുടങ്ങി.
മാവേലിക്ക് ബദലായതുകൊണ്ടാം, പേര് അന്വേഷിച്ച് അവർ അധികം മെനക്കെട്ടില്ല. വാമന സ്റ്റോർ എന്നിട്ടു. തൃശൂരും കോഴിക്കോട്ടും ഒക്കെ വാമന സ്റ്റോറുകൾ തുറന്നു. 1982ൽ കെ.കരുണാകരൻ സർക്കാർ അധികാരത്തിലെത്തിയ ശേഷവും മാവേലി സ്റ്റോറുകൾക്ക് കോട്ടം തട്ടിയില്ല. ഭക്ഷ്യമന്ത്രിയായിരുന്ന യു.എ. ബീരാൻ പലയിടത്തും മാവേലി സ്റ്റോറുകൾ തുറന്നു. എന്നാൽ, കരുണാകരൻ സർക്കാർ മാവേലി സ്റ്റോറുകളെ പരിഗണിക്കുന്നില്ലെന്ന ആരോപണവുമായി സി.പി.എം ഉയർത്തി. കൊള്ളക്കച്ചവടക്കാരും കരിഞ്ചന്തക്കാരും കള്ള രാഷ്ട്രീയക്കാരും തുടങ്ങിയവച്ചതാണ് വാമന സ്റ്റോറുകൾ എന്ന് ഇ.എം.എസ് വിമർശിച്ചതും വലിയ വാർത്തയായി. വാമന സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ വന്നവരെ സി.ഐ.ടി.യുക്കാരും എ.ഐ.ടി.യു.സിക്കാരും വിരട്ടി ഓടിച്ചെന്നും പരാതികളുയർന്നു. ചുരുക്കത്തിൽ ചരിത്രം ഇതാണ്. മാവേലിക്ക് ബദലായി വന്ന വാമന സ്റ്റോർ കരുണാകരന്റെ ഭരണകാലത്തല്ല, നായനാർ സർക്കാർ കാലത്താണ് വന്നത്. വാമനനെ ഇറക്കിയത് വ്യാപാരി വ്യവസായി ഏകോപന സമിതിയും.