സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയുടെ അന്‍പതാം വാര്‍ഷികാഘോഷം കളറാക്കാന്‍ ഉപഭോക്താക്കള്‍ക്ക് വാരിക്കോരി ഇളവുകള്‍. നവംബര്‍ ഒന്നുമുതല്‍ 50 ദിവസം വലിയ ആനുകൂല്യങ്ങള്‍ ലഭിക്കും. സ്ത്രീകളായ ഉപഭോക്താക്കള്‍ക്കാണ് വലിയ ഇളവുകള്‍. സബ്സിഡി ഇതര ഉല്‍പ്പന്നങ്ങള്‍ക്ക് പത്തുശതമാനം അധിക വിലക്കുറവ് നല്‍കും. ഇപ്പോഴുള്ള ഇളവുകള്‍ക്ക് പുറമേയാണിത്.
ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന എല്ലാവര്‍ക്കും ഒരുകിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് നൽകും. പകുതി വിലയ്ക്ക് ശബരി അപ്പം പൊടിയും പുട്ടുപൊടിയും ലഭിക്കും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉൽപ്പന്നങ്ങള്‍ 44 രൂപയ്ക്കാണ് നല്‍കുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് സാധനങ്ങള്‍ വാങ്ങിയാലുമുണ്ട് ഗുണം. തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് 5% അധിക വിലക്കുറവാണ് ലഭിക്കുക. 500 രൂപയ്ക്ക് സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില വന്‍വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള തേയില 61.50 രൂപയ്ക്കാണ് നൽകുക.
ഇതിനെല്ലാം പുറമേ 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ യുപിഐ മുഖേന അടച്ചാല്‍ അഞ്ചു രൂപ ഇളവും ലഭിക്കും. ഓഫറുകള്‍ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ മറ്റൊരു പദ്ധതി കൂടി നടപ്പാക്കുന്നുണ്. 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ എത്തും. സബ്സിഡ് ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ഈ മൊബൈല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കും.