നാലു ദിവസത്തിനുള്ളിൽ 38 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ക്രിസ്മസ് ഫെയറുകൾ ഉൾപ്പെടെ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഈ ദിവസങ്ങളിൽ ആറു ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്.
ക്രിസ്മസ് - പുതുവത്സര സീസണിനോട് അനുബന്ധിച്ച് ഡിസംബർ 22 മുതൽ 6.26 ലക്ഷത്തോളം പേരാണ് ക്രിസ്മസ് ഫെയറുകൾ ഉൾപ്പെടെയുള്ള സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചത്. നാല് ദിവസത്തിനുളളിൽ 37.82 കോടി രൂപയുടെ വിറ്റുവരവ്. പെട്രോൾ, റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പന ശാലകളിൽ നിന്നുള്ള വിറ്റുവരവാണിത്. ഇതിൽ 17.57 കോടി രൂപയാണ് സബ്സിഡി സാധനങ്ങളുടെ വിറ്റു വരവ്.
ആറ് ജില്ലകളിലെ പ്രത്യേക ജില്ലാ ഫെയറുകളിൽ നിന്നും മാത്രമായി 40.4 ലക്ഷം രൂപയുടെ വിറ്റുവരവാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ 22.32 ലക്ഷം രൂപ സബ്സിഡി ഇനങ്ങളുടെ വിറ്റുവരവിലാണ്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലെ ജില്ലാ ഫെയറിലാണ് ഏറ്റവും കൂടുതൽ വില്പന. 5.25 ലക്ഷം രൂപ. എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് മറ്റു ജില്ലാ ഫെയറുകൾ. എല്ലാ താലൂക്കുകളിലും ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയും പ്രവർത്തിക്കുന്നുണ്ട്.