ayyappa-sangamam-pampa-river-pollution

ആഗോള അയ്യപ്പസംഗമത്തിന് പമ്പാതടം ഒരുങ്ങി നില്‍ക്കുമ്പോള്‍ നദിയിലൂടെ ഒഴുകിയെത്തുന്നത്  മലിനജലം. പമ്പാഗണപതി ക്ഷേത്രത്തിലേക്ക് എത്തുമ്പോള്‍ മൂക്കിനെ അലോസരപ്പെടുത്തുന്നത് ബ്ലീച്ചിംഗ് പൗഡറിന്‍റെ രൂക്ഷഗന്ധമാണ്. പമ്പയിലെ ശുചിമുറികളുടെ അവസ്ഥയും വ്യത്യസ്തമല്ല. സന്നിധാനത്തിലേക്കുള്ള വഴിയിലും ഇത് തന്നെയാണ് അവസ്ഥ.

വിദേശ രാജ്യത്ത് നിന്ന് ഉൾപ്പടെ അയ്യപ്പ ഭക്തർ ആഗോള അയ്യപ്പ സംഗമത്തിന് പമ്പയില്‍ എത്തുന്നതിന് മുന്നോടിയായി  മനോരമ ന്യൂസ് ക്യാമറ തേടിപ്പോയത് അറിയേണ്ട ചില യാഥാർത്ഥ്യങ്ങളാണ്. കാഴ്ചകൾ കണ്ടും പറഞ്ഞും പഴകിയതാണെങ്കിലും, ഇപ്പോഴും മാറിയിട്ടില്ല പമ്പാതടത്തിന്‍റെ ദുരവസ്ഥ.  ഇത് അവസാനിപ്പിക്കാനെങ്കിലും സർക്കാരിനും ദേവസ്വംബോർഡിനും കഴിഞ്ഞാൽ ആഗോള അയ്യപ്പ സംഗമം വൻ വിജയമാണെന്ന് പ്രഖ്യാപിക്കാം.

കഴിഞ്ഞ പ്രളയം തകർത്തെറിഞ്ഞ രാമമൂർത്തി മണ്ഡപം നിലനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പുറം ലോകവുമായി ബന്ധമില്ലാത്ത ഒരു ജർമ്മൻ പന്തൽ ഉയർന്നിരിക്കുന്നു. പമ്പാ ആക്ഷൻ പ്ലാനോ, ഇനി വരാനിരിക്കുന്ന മാസ്റ്റർ പ്ലാനോ എന്തുതന്നെയായാലും, മാലിന്യം ഇപ്പോഴും ഒഴുകിയെത്തുന്നത് നദിയിലേക്ക് തന്നെയാണ്. ഭക്തർക്ക് രോഗങ്ങളെ പേടിയില്ല, എന്നാൽ പമ്പയിലെ ജലം അമീബ, കോളിഫോം (ഇ–കോളി) ബാക്ടീരിയ തുടങ്ങിയവയാൽ മലിനമാണ്.

സന്നദ്ധപ്രവർത്തകരും ശുചീകരണത്തൊഴിലാളികളും ചെയ്യുന്ന വലിയ ജോലിയാണ് പമ്പയെ ഇങ്ങനെയെങ്കിലും നിലനിർത്തുന്നത്. ഇവർക്ക് മാത്രമായി എല്ലാം ചെയ്യാൻ പരിമിതികളുണ്ട്. ബ്ലീച്ചിംഗ് പൗഡർ വാരിവിതറുന്ന പ്രാകൃതമായ രീതികൾ മാറ്റാൻ ഈ അയ്യപ്പ സംഗമത്തിന് സാധിച്ചാൽ അത് വലിയ വിജയമായിരിക്കും.  

ENGLISH SUMMARY:

Pampa river pollution remains a significant concern despite ongoing efforts. The river's condition raises questions about the success of the Ayyappa Sangamam and the effectiveness of current cleaning methods.