തിരുവനന്തപുരത്ത് കെ.എസ്.യു പ്രതിഷേധത്തില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും വലിച്ചിഴച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസിന് നേര്‍ക്ക് തുടര്‍ച്ചയായി കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.
ഞങ്ങള്‍ തീവ്രവാദികളല്ല, വിദ്യാര്‍ഥികളാണ് എന്ന മുദ്രാവാക്യവുമായി, തൃശൂരില്‍ കെ.എസ്.യുക്കാരെ മുഖംമൂടിയണിയിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമമുണ്ടായത്. തുടര്‍ന്ന് പൊലീസ് പതിനഞ്ച് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇടക്കിടെയുള്ള കല്ലേറായിരുന്നു കെ.എസ്.യുവിന്‍റെ മറുപടി.
ഒരു മണിക്കൂറോളം ഇങ്ങിനെ പോരാട്ടം തുടരുന്നതിനിടെയില്‍ കെ.എസ്.യു പ്ലാന്‍ പൊടുന്നനേ മാറ്റി. നിയമസഭ മതിയാക്കി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്. അതും റോഡില്‍ കണ്ട ബാരിക്കേഡെല്ലാം ചുമന്നുകൊണ്ട്.
സുരക്ഷാസംവിധാനം ഒരുക്കാതിരുന്ന സെക്രട്ടേറിയറ്റിലേക്ക് കെ.എസ്.യു എത്തിയതോടെ പൊലീസ് കുഴഞ്ഞു. മതില്‍ചാടികടക്കാനും വാഹനം തടയാനും ശ്രമിച്ചതോടെ ഉന്തും തള്ളും സംഘര്‍ഷവും ലാത്തിച്ചാര്‍ജുമുണ്ടായി.
വനിതകളെയടക്കം വലിച്ചിഴച്ചാണ് പൊലീസ് പിടികൂടിയത് .സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറടക്കം അറസ്റ്റിലായതോടെയാണ് കെ.എസ്.യുക്കാര്‍ പിരിഞ്ഞുപോയത്.
.