സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റമെന്ന് പ്രതിപക്ഷവും ഇല്ലെന്ന് ഭരണപക്ഷവും നിയമസഭയിൽ. വിലക്കയറ്റത്തിൽ സാധാരണക്കാർ പൊറുതിമുട്ടിയെന്ന് പ്രതിപക്ഷത്തിന്റെ വിമർശനത്തെ ഓണക്കാല ഇടപെടലും കേന്ദ്ര അവഗണനയും നിരത്തി ഭരണപക്ഷം നേരിട്ടു. അടിയന്തരപ്രമേയ നോട്ടിസിലെ ചർച്ചയിൽ വ്യക്തമായ ഉത്തരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങിപ്പോയി.
ചരിത്രത്തിൽ ആദ്യമായി തുടർച്ചയായി മൂന്നാംദിവസവും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിൽ സർക്കാർ ചർച്ചയ്ക്ക് തയാറായെന്നതാണ് വിലക്കയറ്റ ചർച്ചയുടെ പ്രത്യേകത. കേരളം വിലക്കയറ്റത്തിന്റെ കാര്യത്തിൽ നമ്പർ വൺ ആണെന്ന് അഭിമാനിക്കാമെന്ന് പരിഹസിച്ച പ്രമേയാവതാരകൻ പി.സി.വിഷ്ണുനാഥ്, പപ്പടവും വെളിച്ചെണ്ണയും തമ്മിലുള്ള അകലം അവതരിപ്പിച്ചു.
പ്രതിപക്ഷം രൂക്ഷമായ സാഹചര്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സർക്കാർ വെറുതെ പൊങ്ങച്ചം പറയുകയാണെന്ന് പ്രതിപക്ഷ നേതാവും കുറ്റപ്പെടുത്തി. ഓണക്കാലത്തെ വിപണി ഇടപെടൽ വിശദമാക്കിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, ഓണത്തിന് ഒരു മണി അരി അധികം അരി നൽകാത്ത കേന്ദ്രത്തിനെതിരെ പ്രതിപക്ഷം സംസാരിച്ചില്ലെന്ന് കുറ്റപ്പെടുത്തി.
സ്വന്തം മണ്ഡലത്തിൽ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് എല്ലാ സാധനങ്ങളും ഉണ്ടെന്ന് പ്രസംഗിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ, വിളക്ക് കൊളുത്തിയത് അല്ലാതെ പ്രസംഗിച്ചിട്ടില്ലെന്നും സഭയിൽ പച്ചക്കള്ളം പറയരുതെന്നും സതീശൻ തിരിച്ചടിച്ചു.