2047ഓടെ ഇന്ത്യയെ ആഗോള സമുദ്രമേഖലയിലെ സൂപ്പര്‍ പവറാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍. എൺപത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ കാലയളവിലുണ്ടാകുമെന്നും ദ് വീക്ക് മാരിടൈം കോൺക്ലേവിന്‍റെ സമാപനച്ചടങ്ങിൽ ഷിപ്പിങ് മന്ത്രി കൂട്ടിച്ചേർത്തു.
കപ്പൽ നിർമാണവും അറ്റകുറ്റപ്പണികളും മുഖ്യ ഫോക്കസായ രണ്ടു ദിവസത്തെ ദ് വീക്ക് മാരിടൈം കോൺക്ലേവിന് ഇന്ത്യയുടെ സമുദ്രമേഖലയുടെ കരുത്ത് കൂട്ടാൻ സഹായകമായ മികവുറ്റ ചർച്ചകളോടെ പര്യവസാനം. സ്വതന്ത്ര്യത്തിന്‍റെ നൂറാം വർഷത്തിൽ സമുദ്രമേഖലയിൽ രാജ്യത്തെ സൂപ്പർ പവറാക്കുമെന്ന് സമാപന ചടങ്ങിൽ ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. തുറമുഖങ്ങളുടെ ശേഷി വര്‍ധിപ്പിക്കല്‍, കപ്പല്‍ നിര്‍മാണം, ഉള്‍നാടന്‍ ജലഗതാഗതം എന്നീ മേഖലകളിലായി എണ്‍പത് ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കും. കേരളത്തില്‍ 54 പദ്ധതികളിലായി ഇരുപത്തിനാലായിരം കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ഷിപ്പിങ് മന്ത്രി കൂട്ടിച്ചേർത്തു.
മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്റര്‍ റിയാദ് മാത്യു, കൊച്ചിന്‍ ഷിപ്‍യാഡ് സിഎംഡി മധു എസ് നായര്‍ എന്നിവര്‍ സംസാരിച്ചു. കോൺക്ലേവിൻ്റെ ഭാഗമായി മൈക്രോ സൈറ്റ് ഷിപ്പിങ് മന്ത്രി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസന സാധ്യതകളെക്കുറിച്ച് മാനേജിങ് ഡയറക്ടർ ദിവ്യ എസ് അയ്യർ വിശദീകരിച്ചു.