പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന്റെ പ്രചാരണ ബോർഡിൽ മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി വി.എന്‍ വാസവനും ഇടംപിടിച്ചത് വിവാദമാകുന്നു. തിരുവനന്തപുരം പി.എം.ജി. ജംഗ്ഷനിൽ സ്ഥാപിച്ച കൂറ്റൻ ബോർഡാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചത്.

പരിപാടി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുമായി ബന്ധപ്പെട്ടതാണെന്ന് ചെറിയ അക്ഷരത്തിൽ ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, സാധാരണയായി ദേവസ്വം ബോർഡ് പരസ്യങ്ങളിൽ ഉപയോഗിക്കാറുള്ള അയ്യപ്പന്റെ ചിത്രമോ മറ്റ് ചിഹ്നങ്ങളോ ബോർഡിൽ കാണാനില്ല. സർക്കാർ പരിപാടിയല്ലെന്ന് അധികൃതർ വിശദീകരിക്കുമ്പോഴാണ് മന്ത്രിമാർ ഉൾപ്പെട്ട കൂറ്റൻ പ്രചാരണ ബോർഡ് സ്ഥാപിച്ചത്.

അതിനിടെ ആഗോള അയ്യപ്പ സംഗമം നടത്താന്‍ തടസ്സമില്ലെന്ന് സുപ്രീംകോടതി. അയ്യപ്പ സംഗമം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍‌ജികളിലാണ് വിധി. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഇല്ലെന്നും എല്ലാ പരാതികളും ഹൈക്കോടതിയില്‍ ഉന്നയിക്കാമെന്നും കോടതി പറഞ്ഞു. ശനിയാഴ്ചയാണ് അയ്യപ്പ സംഗമം നടക്കുന്നത്. വരവുചെലവ് കണക്കുകള്‍ സുതാര്യമാകണം, എല്ലാ വിശ്വാസികളെയും ഒരുപോലെ പരിഗണിക്കണം, തുടങ്ങിയ നിര്‍ദ്ദേശങ്ങളോടെ ഹൈക്കോടതി ദേവസ്വം ബെഞ്ച് അയ്യപ്പ സംഗമത്തിന് അനുമതി നല്‍കിയിരുന്നു. 

ENGLISH SUMMARY:

Ayyappa Sangamam is currently a controversial topic. The event's promotional board featuring Kerala's Chief Minister and Devaswom Minister has sparked debate, while the Supreme Court has allowed the gathering to proceed with certain conditions.