AI Generated Image
പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിന്‍ മാനേജര്‍ അടിയില്‍ നില്‍ക്കുമ്പോള്‍ ട്രെയിന്‍ മുന്നോട്ടെടുത്തു. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാല്‍ രണ്ട് കോച്ചുകള്‍ കടന്നുപോയെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശിനി ടി.കെ ദീപയാണ് ജീവിതത്തിലേക്ക് തിരികെ ‘കിടന്നു’വന്നത്. ഇന്നലെ രാവിലെ 9.15ന് തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്നും പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ട്രെയിന്‍ ചിറയിന്‍കീഴില്‍ നിര്‍ത്തി.
എവിടെനിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിനടിയിലേക്കിറങ്ങി. പരിശോധനക്കിടയില്‍ ട്രെയിന്‍ മുന്നോട്ടെടുക്കുകയായിരുന്നു. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നുകിടന്നതുമൂലമാണ് ദീപയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്. ഇതിനിടയില്‍ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാന്‍ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവര്‍ പറയുന്നു.
ആളുകള്‍ ഉച്ചത്തില്‍ ബഹളംവച്ചതോടെയാണ് ട്രെയിന്‍ നിര്‍ത്തിയത്. സ്റ്റേഷനിലെ ഗേറ്റ് കീപ്പര്‍ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്. ട്രാക്കില്‍വീണു കാല്‍മുട്ടിനു പരുക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടര്‍ന്ന ദീപയെ കൊല്ലത്ത് റെയില്‍വേ ആശുപത്രിയിലും തുടര്‍ന്ന് പേട്ടയിലെ റെയില്‍വേ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കൊല്ലത്തുനിന്നും മറ്റൊരു ഗാര്‍ഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി സര്‍വീസ് തുടര്‍ന്നത്. സംഭവത്തെപ്പറ്റി റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. കൊടി കാണിക്കുകയോ അല്ലെങ്കില്‍ വോക്കിടോക്കിയിലൂടെ അറിയിപ്പ് ലഭിക്കുകയോ ചെയ്ത ശേഷം മാത്രമേ ലോക്കോ പൈലറ്റുമാര്‍ ട്രെയിന്‍ മുന്നോട്ടെടുക്കാവൂയെന്നാണ് ചട്ടം. ദീപ ഉപയോഗിച്ചിരുന്ന വോക്കിടോക്കിക്ക് സാങ്കേതിക തകരാറുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.