വയനാട് ഫോറസ്റ്റിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സെക്ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സംഭാഷണം മനോരമന്യൂസിന് ലഭിച്ചു. തെറ്റുപറ്റിയെന്നും നാറ്റിക്കരുതെന്നുമാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ രതീഷ് കുമാര്‍ പറയുന്നത്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഫോണില്‍ വിളിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്ന് സംഭാഷണത്തില്‍ രതീഷ് പറയുന്നു. എന്നാല്‍ തനിക്ക് നേരിട്ട ലൈംഗിക അതിക്രമത്തിനും മാനസിക ബുദ്ധിമുട്ടിനും ആര് മറുപടി പറയുമെന്നാണ് വനിതാ ഓഫിസര്‍ തിരിച്ച് ചോദിക്കുന്നത്. വനം വകുപ്പിലെ തന്നെ രണ്ട് ലൈംഗികാതിക്രമ പരാതികളില്‍ ആരോപണ വിധേയനാണ് രതീഷ് കുമാര്‍.
സെപ്റ്റംബര്‍ ഒന്നിനായിരുന്നു സംഭവം. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടക്കുകയും ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് ഇവര്‍ രക്ഷപെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തിയായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ രതീഷിനെ കല്‍പ്പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. കൂടുതല്‍നടപടിയുണ്ടാകുമെന്ന് വനംമന്ത്രി ഉറപ്പ് നല്‍കിയെങ്കിലും സ്വാധീനം ഉപയോഗിച്ച് രതീഷ് അത് ഒതുക്കിയെന്നാണ് ആരോപണം.