പാലക്കാട് തൃത്താലയിലെ പാലത്തറ – കൊടുമുണ്ട റോഡ്. തീരദേശ ഫണ്ടും ജലജീവന്‍മിഷന്‍ ഫണ്ടും ഉപയോഗിച്ചു നിര്‍മിച്ച അഞ്ചു കിലോമീറ്റര്‍ റോഡ് രണ്ടു മാസത്തിനകം പൊളിഞ്ഞു. വിള്ളല്‍ വന്നു ഗതാഗത യോഗ്യമല്ലാതായി. റോഡ് നിര്‍മാണത്തില്‍ ഗുരുതര ക്രമക്കേട് നടന്നതായി മനോരമന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ധനകാര്യവകുപ്പ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ തട്ടിപ്പ് സ്ഥിരീകരിച്ചു. കരാറുകാരന് തുക അനുവദിച്ചത് നിയമവിരുദ്ധമായാണെന്നും നിര്‍മാണത്തില്‍ കനംകുറവ് വരുത്തി, അവശ്യ അസംസ്‌കൃത വസ്‌തുക്കള്‍ പോലും ഉപയോഗിച്ചില്ല എന്നൊക്കെയായിരുന്നു കണ്ടെത്തല്‍. ഗുരുതര ക്രമക്കേട് നടത്തിയ പൊന്നാനി ഹാര്‍ബര്‍ എന്‍ജിനീയറിങ് ഡിവിഷനിലെ അസി. എന്‍ജിനീയര്‍ പി.എം അബ്‌ദു സലീമടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ടെക്‌നിക്കല്‍ എക്സാമിനര്‍ ആവശ്യപ്പെട്ടിരിന്നു. റോഡ് നിര്‍മാണം ഭംഗിയാക്കിയതിനു മന്ത്രി എം.ബി രാജേഷ് പുരസ്‌കാരം നല്‍കി ആദരിച്ചയാളാണ് അബ്‌ദു സലീം.
ടെക്നിക്കല്‍ എക്സാമിനറുടെ റിപ്പോര്‍ട്ട് അടക്കം എല്ലാ രേഖകളും പുറത്തുവിട്ടായിരുന്നു മനോരമന്യൂസിന്‍റെ വാര്‍ത്ത. എന്നാല്‍ വാര്‍ത്തക്കു പിന്നാലെ റോഡ് സന്ദര്‍ശനത്തിനെത്തിയ മന്ത്രി എം.ബി രാജേഷ് ഉദ്യോഗസ്ഥരെ ന്യായീകരിച്ചും വാര്‍ത്തയെ പരിഹസിക്കുന്നതുമായ നിലപാടാണ് സ്വീകരിച്ചത്. തീരദേശ ഫണ്ട് മണ്ഡലത്തിലെത്തിയതില്‍ മാധ്യമങ്ങള്‍ക്കുള്ള അരിശമാണിതെന്നും മന്ത്രി പറഞ്ഞു വെച്ചു. എന്നാല്‍ മന്ത്രിയുടെ ന്യായീകരണത്തിനു അധികം ആയുസുണ്ടായില്ല. ഹാര്‍ബര്‍ വകുപ്പ് അബ്‌ദു സലീമിനെ സസ്‌പെന്‍റ് ചെയ്‌തു. ക്രമക്കേട് വരുത്തിയ തുകയത്രയും കരാറുകാരനില്‍ നിന്ന് ഈടാക്കാന്‍ ഉത്തരവിട്ട വകുപ്പ്, ഗുരുതര ക്രമക്കേടിനു ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്‌തെന്നും സ്ഥിരീകരിച്ചു. ഇയാള്‍ മേല്‍നോട്ടം വഹിച്ച മലമ്പുഴയിലെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്‌ടറുടെ ഓഫിസിലേക്ക് നിര്‍മിച്ച 300 മീറ്റര്‍ റോഡിലും ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
മനോരമന്യൂസ് വാര്‍ത്തയെ പരിഹസിച്ച മന്ത്രിക്ക് വാര്‍ത്തയെ ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു. മന്ത്രി ന്യായീകരിച്ച സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊന്നാനിയിലെ ഇടതു എം.എല്‍.എ പി.നന്ദകുമാര്‍ മന്ത്രി സജി ചെറിയാന് പരാതി നല്‍കിയിരുന്നു. സ്ഥലം എം.എല്‍.എ കൂടിയായ എം.ബി രാജേഷ് വെള്ളപൂശിയ ഉദ്യോഗസ്ഥനു നേരെ നടപടിയുണ്ടായത് സിപിഎമ്മിനും രാഷ്‌ട്രീയ പ്രഹരമായി. വിഷയത്തില്‍ വിടി ബല്‍റാമിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു