പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിയെക്കൊണ്ട് എണ്ണിയെണ്ണി മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ യുഡിഎഫിന്റെ ഭാഗമല്ല. രാഹുലിനെ ഭരണപക്ഷം ആക്രമിച്ചാൽ പ്രതിരോധിക്കണോ എന്ന് ആ സമയത്ത് ആലോചിക്കും. മുഖംമൂടി ധരിച്ച് ആക്രമിക്കുന്ന സൈബർ പോരാളികളുടെ വിവരങ്ങൾ എല്ലാം കൈവശമുണ്ടെന്നും വി.ഡി.സതീശൻ മനോരമ ന്യൂസിനോട് പറഞ്ഞു.
അതേ സമയം നിയമസഭയില്‍ രാഹുല്‍മാങ്കൂട്ടത്തിന് പ്രത്യേക ഇരിപ്പിടം. പ്രതിപക്ഷ നിരയില്‍ നിന്ന് മാറ്റി,,, ഇരു മുന്നണികള്‍ക്കും ഇടക്കായിരിക്കും പുതിയ ഇരിപ്പിടം നല്‍കുക. എന്നാല്‍ നാളെ തുടങ്ങുന്ന സമ്മേളനത്തിലേക്ക് രാഹുല്‍ എത്തുമോ എന്നതില്‍ ഇതുവരെ വ്യക്തത ഇല്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ അഭിപ്രായം കെപിസിസി പ്രസിഡന്‍റ് രാഹുലിനെ അറിയിക്കും.
ലൈംഗികാരോപണ വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരുന്നു. രാഹുലും സുഹൃത്തുക്കളും അടങ്ങിയ മിഷൻ 2026 എന്ന വാട്സപ്പ് ഗ്രൂപ്പിൽ ഇട്ട സന്ദേശത്തിലാണ് എല്ലാം മാധ്യമങ്ങളുടെ പ്രോപ്പഗാണ്ട് എന്ന വാദം രാഹുൽ ഉയർത്തുന്നത്. മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചു. നേതാക്കളും യുവനിരയും സൈബർ പോരാളികളും തളരേണ്ടത് അവരുടെ ആവശ്യമാണെന്നും ഈ പ്രോപ്പഗാണ്ടയിൽ വീണു പോകരുതെന്നും രാഹുൽ സന്ദേശത്തിൽ പറയുന്നു.