argentina-stands-with-israel

ഐക്യരാഷ്ട്രസഭ വന്‍ഭൂരിപക്ഷത്തോടെ പാസാക്കിയ സ്വതന്ത്ര പലസ്തീന്‍ പ്രമേയത്തെ എതിര്‍ത്ത പത്ത് രാജ്യങ്ങളില്‍ അര്‍ജന്‍റീനയും. അമേരിക്കയ്ക്കും ഇസ്രയേലിനും ഒപ്പം നിന്നാണ് അര്‍ജന്‍റീന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. എന്നാല്‍ പത്തിനെതിരെ 142 വോട്ടുകള്‍ക്ക് പ്രമേയം പാസായി. 12 രാജ്യങ്ങള്‍ വിട്ടുനിന്നു. ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നത് കൂടിയാണ് പ്രമേയം.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്ന പ്രമേയത്തെ അര്‍ജന്‍റീന എതിര്‍ത്ത വിവരം കേരളത്തില്‍ വന്‍ചര്‍ച്ചയായി. ലയണല്‍ മെസിയുടെയും അര്‍ജന്‍റീന ഫുട്ബോള്‍ ടീമിന്‍റെയും വരവിനായി കേരളം കാത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് യുഎന്നിലെ നിലപാട് ഇവിടെ വിവാദമായത്. പലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന് പിന്തുണ നല്‍കുന്ന അര്‍ജന്‍റീനയ്ക്കുവേണ്ടി ലോകകപ്പ് കാലങ്ങളില്‍ എത്ര ബാനറുകളാണ് കേരളത്തില്‍ ഉയര്‍ന്നതെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ മുഹമ്മദലി കിനാലൂര്‍ ഫെയ്സ്ബുക് പോസ്റ്റില്‍ ചോദിക്കുന്നു. മെസിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളികളുടെ കൂട്ടത്തില്‍ താനില്ലെന്നും അദ്ദേഹം പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ:

‘ഐക്യരാഷ്ട്ര സഭയിൽ സ്വതന്ത്ര ഫലസ്തീനെ എതിർത്ത് വോട്ട് ചെയ്തത് പത്ത് രാജ്യങ്ങളാണ്. അമേരിക്കയും ഇസ്രയേലും അതിലുണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ശേഷിക്കുന്ന എട്ട് രാജ്യങ്ങളിലൊന്ന് അർജന്റീനയാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ടരാജ്യം. ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിനു പിന്തുണ നൽകുന്ന ആ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന് വേണ്ടി എത്ര ബാനറുകളാണ്/ബോർഡുകളാണ് ലോകകപ്പ് കാലത്ത് കേരളത്തിന്റെ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴും മെസ്സിയുടെ വരവിനായി കാത്തിരിപ്പല്ലേ മലയാളികൾ (അക്കൂട്ടത്തിൽ ഞാനില്ല). ഗസ്സയിലെ കുഞ്ഞുങ്ങളുടെ ചോരയിൽ ചവിട്ടി നിൽക്കുന്ന രാജ്യത്ത് നിന്ന് വരുന്നത് ഫുട്ബോളിലെ ഏത് മിശിഹാ ആയാലും എനിക്കതിൽ സന്തോഷമല്ല രോഷമാണ് ഉണ്ടാവുക. യു എന്നിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിനു അനുകൂലമായാണ് നമ്മുടെ രാജ്യം വോട്ട് ചെയ്തത്. ഫലസ്തീനികളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള ഇസ്രയേൽ, യുഎസ് തന്ത്രത്തിനൊപ്പം നിൽക്കാൻ തയ്യാറല്ലെന്ന് ഇന്ത്യ നിലപാട് എടുത്തു. പക്ഷേ ഫുട്ബോൾ പ്രേമികളുടെ രാജ്യം സയണിസ്റ്റ് രാഷ്ട്രത്തിനൊപ്പമാണ് നിലകൊണ്ടത്.’

israel-un-assembly

ആയിരത്തിലേറെപ്പേരാണ് ഈ ഒറ്റ പോസ്റ്റ് ലൈക്ക് ചെയ്തതത്. നൂറുകണക്കിന് കമന്‍റുകളും വന്നുകഴിഞ്ഞു. ‘ഒരുത്തനും ഒരു മിശിഹായും ഇങ്ങോട്ട് വരേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ കേരളം സ്വീകരിക്കേണ്ടത്’ എന്നാണ് ഒരു കമന്‍റ്. എന്നാല്‍ ‘ഒരു രാജ്യത്തിൻ്റെ നിലപാടിനെ അവിടെത്തെ ജനങ്ങൾ അംഗീകരിച്ച് കൊള്ളണം എന്നില്ല’ എന്നാണ് ഫുട്ബോള്‍ പ്രേമിയായ ഹബീബ് റഹ്മാന്‍റെ കമന്‍റ്. ഇത്തരത്തില്‍ ഫുട്ബോളിനോടുള്ള ആരാധനയും മെസിയോടുള്ള സ്നേഹും പലസ്തീനുള്ള പിന്തുണയുമെല്ലാം കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പത്തിലായവരും ഏറെ.

palestine-un-assembly

സ്വതന്ത്രപലസ്തീന്‍ രൂപവല്‍കരിക്കാന്‍ പ്രകടവും സമയബന്ധിതവും മാറ്റാന്‍ കഴിയാത്തതുമായ നടപടികള്‍ ഉടനുണ്ടാകണമെന്നാണ് ഐക്യരാഷ്ട്രസഭ പ്രമേയം ആവശ്യപ്പെടുന്നത്. ദ്വിരാഷ്ട്ര ആശയത്തിലൂന്നി ജൂലൈയില്‍ സൗദി അറേബ്യയുടെയും ഫ്രാന്‍സിന്‍റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രാജ്യാന്തര ഉച്ചകോടിയുടെ ഫലമാണ് യുഎന്‍ പ്രമേയം. ഈമാസം 22ന് യുഎന്‍ പൊതുസമ്മേളനത്തോടനുബന്ധിച്ച് ഈ വിഷയത്തില്‍ ലോകനേതാക്കളുടെ ചര്‍ച്ചകളുണ്ടാകും. ആ സമയത്ത് ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ, ഓസ്ട്രേലിയ, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ പലസ്തീനെ സ്വ തന്ത്രരാഷ്ട്രമായി അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Argentina UN Palestine vote is the main topic. The article analyzes Kerala's reaction to Argentina voting against the UN resolution for a free Palestine, intertwining football fandom with political solidarity.