തിരുവനന്തപുരത്തും ആശങ്കയായി മസ്തിഷ്ക ജ്വരം. 9 പേരാണ് നിലവിൽ മെഡിക്കൽ കോളജിൽ ചികിൽസയിലുള്ളത്. ഈ വർഷം 14 പേർക്ക് രോഗം ബാധിച്ചപ്പോൾ 2 മരണം സ്ഥിരീകരിച്ചു. 17 വയസുള്ള വിദ്യാർത്ഥിക്ക് രോഗം ബാധിച്ചെന്ന് സംശയിക്കുന്ന ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽക്കുളം അടപ്പിച്ചു. 4 വിദ്യാർഥികൾ ഓഗസ്റ്റ് 16 നാണ് ഇവിടെ കുളിച്ചത്. ഇതിനു പിന്നാലെ വിദ്യാർത്ഥിക്ക് പനി കലശലാവുകയായിരുന്നു. മറ്റ് മൂന്ന് പേർക്ക് ഇതുവരെ രോഗ ലക്ഷണങ്ങളില്ല. കഴിഞ്ഞ വർഷം 24 പേർക്ക് രോഗം ബാധിച്ചിരുന്നെങ്കിലും രോഗ ഉറവിടം കണ്ടെത്താനായിരുന്നില്ല.
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമായ അമീബകളുടെ സാന്നിധ്യം അന്തരീക്ഷത്തിലുമുണ്ട്. വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന ‘നേഗ്ലറിയ ഫൗലേറി’ വിഭാഗത്തിനു പുറമെ, രോഗത്തിനു കാരണമാകുന്ന ‘അക്കാന്ത അമീബ’യുടെ സാന്നിധ്യം അന്തരീക്ഷത്തിലും കണ്ടെത്തി.
സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച അമീബിക് മസ്തിഷ്കജ്വരത്തിൽ ഭൂരിഭാഗവും അക്കാന്ത അമീബ കാരണമാണ്. അന്തരീക്ഷത്തിലുള്ള അമീബ, ജലകണങ്ങളുമായി ചേർന്ന് ശരീരത്തിലെത്തുന്നതാണ് രോഗകാരണമാകുന്നത്. കുളിക്കുമ്പോൾ ജലത്തിലൂടെ മൂക്കിൽ പ്രവേശിക്കുന്നതാണ് അപകടകരം. രോഗം റിപ്പോർട്ടുചെയ്യാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അമീബയാണ് രോഗകാരണമെന്നായിരുന്നു ആരോഗ്യവകുപ്പ് കണ്ടെത്തിയത്. വീടുകളിൽ കുളിച്ചവർക്കും നിലവിൽ രോഗബാധ സ്ഥിരീകരിക്കുന്നുണ്ട്. സാപ്പിനിയ, ബാലമുത്തിയ വെർമമീബ എന്നിവയും അമീബിക് മസ്തിഷ്കജ്വരമുണ്ടാക്കുന്നുണ്ട്.