നാലുവര്‍ഷം നീണ്ട പ്രണയത്തില്‍ നിന്നും പിന്‍മാറിയതാണ് കാമുകിയേയും അച്ഛനേയും വീട്ടില്‍ക്കയറി വെട്ടാന്‍ കാരണമെന്ന് യുവാവിന്റെ ന്യായീകരണം. ഇന്നലെയാണ് പാലക്കാട് നെന്‍മാറയില്‍ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും മേലാർകോട് സ്വദേശി ഗിരീഷ് വെട്ടിയത്. പ്രണയിച്ചിരുന്ന യുവതിക്ക് വിദേശത്ത് ജോലി ലഭിച്ചതോടെ ബസ് ഡ്രൈവറായ തന്നെ വേണ്ടാതായെന്ന് ഗിരീഷ് പറയുന്നു.
സ്വകാര്യ ബസ് ജീവനക്കാരനാണ് ഗിരീഷ്. നാലുവർഷമായി യുവതിയുമായി അടുപ്പത്തിലായിരുന്നു. ഒന്നരവർഷം മുമ്പാണ് യുവതിക്ക് വിദേശത്ത് ജോലി ലഭിച്ചത്. വിദേശത്ത് പോയ ശേഷം യുവതി തന്നോട് അകലം പാലിച്ചെന്ന് പ്രതി പറഞ്ഞു. നാട്ടിൽ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹക്കാര്യം സംസാരിച്ചപ്പോള്‍ പറ്റില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് ആക്രമണം നടത്തിയത്. ആലത്തൂർ പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഗിരീഷിൻ്റെ കയ്യിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ ഗിരീഷ് കിടപ്പുമുറിയിൽ കയറി യുവതിയെ വെട്ടി. തടയാൻ ചെന്ന അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്കും മുതുകിനുമാണ് യുവതിയ്ക്ക് പരിക്ക്. ഇരുവരും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.