padmaja

ഒൻപത് മാസം മുൻപ് ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ മരുകള്‍ പത്മജ വിജേഷ് ജീവനൊടുക്കാന്‍ ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് വഞ്ചിച്ചെന്നും സാമ്പത്തിക ബാധ്യത പരിഹരിക്കാമെന്ന വാക്ക് പാലിച്ചില്ലെന്നും പത്മജ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 

കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും കോണ്‍ഗ്രസും തങ്ങളെ പറ്റിച്ചെന്നും പറഞ്ഞ പണം തന്നില്ലെന്നും പത്മജ പറയുന്നു. തന്‍റെ ഭര്‍ത്താവ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ ബില്‍ അടക്കാമെന്ന് ടി.സിദ്ദിഖ് പറഞ്ഞിരുന്നെന്നും എന്നാല്‍ പണം തന്നില്ലെന്നും ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും പത്മജ പറയുന്നു.

Also Read: 'കള്ളൻമാർ വെള്ളയും വെള്ളയുമിട്ട് നടക്കുകയാണ്; കോൺ​ഗ്രസിലുള്ള വിശ്വാസം പോയി'

ജൂണ്‍ 30നുള്ളില്‍ പാര്‍ട്ടി വാഗ്ദാനം ചെയ്ത തുക നല്‍കുമെന്ന് എഗ്രിമെന്‍റ് ഉണ്ടാക്കിയിരുന്നെന്നും എന്നാല്‍ ആ എഗ്രിമെന്‍റ് എഴുതിച്ച അടുത്ത ദിവസം തന്നെ തങ്ങളറിയാതെ എം.എല്‍.എയുടെ പി.എ അത് വാങ്ങിക്കൊണ്ടു പോയെന്നും പത്മജ ആരോപിച്ചു. സണ്ണി ജോസഫിന് പഠിക്കാനാണ് എഗ്രിമെന്‍റ് കൊണ്ടുപോയതെന്നാണ് എം.എല്‍.എ പറഞ്ഞത്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട്  നടക്കുന്നുവെന്നും കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നുവെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പത്മജയുടെ വാക്കുകള്‍

ജൂണ്‍ 30ന് എല്ലാ പ്രശ്നങ്ങളും തീര്‍ത്തു തരാമെന്ന് പറഞ്ഞ് കല്‍പ്പറ്റ എം.എല്‍.എ ടി.സിദ്ദിഖും ഞങ്ങളും കൂടി ഒരു കരാര്‍ എഴുതിയിട്ടുണ്ടായിരുന്നു. ജൂലൈ 30 കഴിഞ്ഞിട്ടും ഒരു തീരുമാനവും ആയില്ല. അതിന്‍റെ ഇടക്ക് എന്‍റെ ഭര്‍ത്താവിന് ഒരു സ്ട്രോക്ക് വരുകയും ആശുപത്രിയില്‍ ആവുകയും ചെയ്തു. ഒന്നരലക്ഷം രൂപ ബില്‍ ആയി. കല്‍പ്പറ്റ എം.എല്‍.എ വന്ന് എന്‍റെ ഭര്‍ത്താവിനെ കണ്ട് അവസ്ഥ മനസിലാക്കി ബില്‍ അടക്കാം എന്ന് പറഞ്ഞു. ഡിസ്ചാര്‍ജ് ആയ അന്ന് ഉച്ചക്ക് മൂന്നര മുതല്‍ രാത്രി എട്ടര വരെ എം.എല്‍.എയും പി.എയും മാറി മാറി വിളിച്ചിട്ടും അവര് ഫോണെടുത്തില്ല. അതിന് ശേഷം ഞാന്‍ പി.വി.അന്‍വറിനെ അങ്ങോട്ട് വിളിച്ചു. അദ്ദേഹം ആസാദ് മൂപ്പനെ വിളിച്ച് പറഞ്ഞ് ഹോസ്പിറ്റലില്‍ നിന്ന് 10 ദിവസത്തെ അവധിക്ക് ഇവിടെ നിന്ന് പോരുകയാണ് ചെയ്തത്. ഇന്നും ആ ബില്ല് അടച്ചിട്ടില്ല.

പിറ്റേ ദിവസം രാവിലെ കല്‍പ്പറ്റ അഡ്വക്കേറ്റിന്‍റെ ഓഫിസില്‍ പോയി എഗ്രിമെന്‍റ് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത്് എഗ്രിമെന്‍റ് എഴുതി പിറ്റേ ദിവസം തന്നെ എ.എല്‍.എയുടെ പി.എ ശ്രീകാന്ത് അത് മേടിച്ചുകൊണ്ടു പോയി എന്നാണ്. അതിന് ശേഷം ദേഷ്യപ്പെട്ട് സിദ്ദിഖ് വിളിച്ചിട്ടുണ്ടായിിരുന്നു. നീ ആരോട് ചോദിച്ചിട്ടാണ് വക്കീലിന്‍റെ ഓഫിസില്‍ പോയതെന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ ചെയ്തത് ശരിയായ ഏര്‍പ്പാടാണോ എന്ന് ചോദിച്ചു. അപ്പോള്‍ എന്നോട് പറഞ്ഞത് അത് കെ.പി.സി.സിയില്‍ സണ്ണി ജോസഫിന് പഠിക്കാന്‍ കൊണ്ടുപോയി എന്നാണ്. ഇപ്പോള്‍ ഫോണ്‍ വിളിച്ചിട്ട് അവര്‍ എടുക്കുന്നുമില്ല. അതുകൊണ്ട് കോണ്‍ഗ്രസ് എന്ന പ്രസഥാനത്തോട് ഞങ്ങള്‍ക്കുള്ള വിശ്വാസം പരിപൂര്‍ണമായി അവസാനിച്ചിരിക്കുകയാണ്.

സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസ് തന്നെ കൊന്നൊടുക്കുകയാണ്. കള്ളന്‍മാര് വെള്ളയും വെള്ളയുമിട്ട്  നടക്കുന്നു, കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയെ വിശ്വസിക്കുന്നവര്‍ മരിക്കുന്നു. അവരുടെ വീട്ടുകാര്‍ക്ക് പോകുന്നു. 20 ലക്ഷം ഞങ്ങള്‍ക്ക് തന്നിരുന്നു. അര്‍ബണ്‍ ബാങ്കില്‍ ഇരിക്കുന്ന ഞങ്ങളുടെ പട്ടയം എടുത്ത് തരണം. അത് ഞങ്ങളുടെ അവകാശമാണ് ഔദാര്യമല്ല – പത്മജ ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞു

പാർട്ടിയിലെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട് ഒൻപത് മാസം മുൻപായിരുന്നു മുൻ ഡിസിസി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യ .

ENGLISH SUMMARY:

Padmaja Vijesh suicide attempt sparked controversy in Kerala. The incident highlights allegations of financial deception and unfulfilled promises within the Congress party, intensifying the ongoing political turmoil.