ഡെറാഡൂണിലെ സൈനിക അക്കാദമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ജവാൻ ബാലു എസിന് അന്ത്യമൊഴി. തിരുവനന്തപുരം നേമത്തെ വീട്ടിൽ പൊതുദർശനത്തിനുശേഷം തൈക്കാട് ശാന്തികവാടത്തിൽ ഭൗതിക ദേഹം സംസ്കരിച്ചു. കരസേനയിൽ ഹവിൽദറായി സേവനമനുഷ്ഠിക്കുന്ന ബാലു ലെഫ്റ്റനൻറ് കേണൽ ആകുന്നതിനുള്ള പരിശീലനത്തിനിടെയായിരുന്നു നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ എട്ടുമണിയോടെയായിരുന്നു ബാലുവിന്റെ ഭൗതികദേഹം നേമം പാപ്പനംകോടുള്ള വീട്ടിലെത്തിച്ചത്. ഉറ്റവൻ്റെ ജീവനറ്റ ശരീരം കണ്ടപ്പോൾ അമ്മ സരോജത്തിന് നിയന്ത്രിക്കാനായില്ല. എല്ലാം നഷ്ടപ്പെട്ടവളുടെ നിർവികാരതയായിരുന്നു ഭാര്യ ഹർഷിതയുടെ മുഖത്ത്. ബന്ധുക്കൾക്കും നാട്ടുകാർക്കും പുറമേ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ ബാലുവിന് അന്തിമോപചാരം അർപ്പിച്ചു. പൊതുദർശനത്തിന് ശേഷം 12 മണിയോടെ ഭൗതിക ദേഹം സൈനിക ആദരവോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസാരിച്ചു.
കരസേനയിൽ 12 വർഷമായി ഹവിൽദാറായി സേവനം അനുഷ്ഠിക്കുന്ന ബാലു ലെഫ്റ്റനൻ്റ് കേണൽ ആകുന്നതിനുള്ള പരിശീലനത്തിനായിരുന്നു ഡെറാഡൂണിലെ സൈനിക അക്കാദമിയിലെത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടോടെയാണ് ബാലുവിനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നീന്തൽ കുളത്തിൽ ബ്രീത്തിങ് എക്സർസൈസിനിടെ അപകടത്തിൽ പെട്ടു എന്നാണ് പ്രാഥമിക നിഗമനം.