amebicsobhana

ഏക ആശ്രയമായിരുന്ന അമ്മ  അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്  മരിച്ചതോടെ മലപ്പുറം വണ്ടൂര്‍ മേലേകോഴിപ്പറമ്പിലെ വീട്ടില്‍ മകള്‍ അതുല്യ ഒറ്റയ്ക്കായി. അമ്മയ്ക്ക് എങ്ങനെ രോഗം പിടിപെട്ടെന്ന് പറയാന്‍ പോയിട്ട് അതുല്യയോട്  ഒരു ആശ്വാസവാക്ക് പറയാന്‍ പോലും ആരോഗ്യവകുപ്പ് തയാറായിട്ടില്ല. 

അച്ഛന്‍ വാപ്പാടന്‍ രാമന്‍ രണ്ടുവര്‍ഷം മുന്‍പാണ് കാന്‍സര്‍ ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അമ്മ കൂടി പോയതോടെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി അതുല്യ വീട്ടില്‍ തനിച്ചായി.പൊതു കിണറ്റിലെ വെളളത്തില്‍ നിന്നു മാത്രം കുളിച്ചിരുന്ന ശോഭനയെ മാത്രം എങ്ങനെ മസ്തിഷ്ക ജ്വരം ബാധിച്ചുവെന്ന ചോദ്യത്തിനും ഉത്തരമില്ല.ആരോഗ്യവകുപ്പിന് ഒന്നിനും കൃത്യമായ മറുപടി പറയാനാകുന്നില്ല.

ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന ശോഭനയുടെ വരുമാനമായിരുന്നു കുടുംബത്തിന്‍റെ ഏക ആശ്രയം.അച്ഛനു പിന്നാലെ അമ്മയെ കൂടി നഷ്ടമായ അതുല്യക്ക് സര്‍ക്കാര്‍ തലത്തില്‍ സഹായങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ശോഭനയുടെ കുടുംബമടക്കം ഉപയോഗിക്കുന്ന പൊതു കിണറിലെ വെളളത്തിനു മീതെ പായലും ഇലകളും മൂടി കിടന്നിരുന്നു.അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കിണര്‍ വ്യത്തിയാക്കിയത്.

ENGLISH SUMMARY:

Amoebic Meningoencephalitis leaves student orphaned after mother's death in Malappuram. The family, already struggling after the father's death from cancer, now faces an uncertain future without government assistance.