ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നിശിതമായി വിമര്‍ശിച്ച് മാര്‍ ജോസഫ് പാംപ്ലാനി. ക്രൈസ്തവ സ്കൂള്‍ മാനേജ്മെന്‍റുകളോട് സര്‍ക്കാര്‍ വിവേചനം കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അയ്യപ്പസംഗമം പോലെയല്ല, വകുപ്പുതല സെമിനാറുകളുടെ ഭാഗമാണ് ന്യൂനപക്ഷ സംഗമമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു
ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മാര്‍ഥയില്ലാത്തതെന്ന് മാര്‍ ജോസഫ് പാംപ്ലാനി.ജോലി ചെയ്യുന്ന ക്രൈസ്തവ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കായി നീതിപൂര്‍വമായ തീരുമാനം എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആഗോള അയ്യപ്പ സംഗമം മാതൃകയിലല്ല ന്യൂനപക്ഷ സംഗമമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. 2031ലെ വികസന മാതൃക തയാറാക്കാനായി സംഘടിപ്പിക്കുന്ന വകുപ്പുതല സെമിനാറുകളുടെ ഭാഗം മാത്രമാണിത്.എന്നാല്‍ സെമിനാറിന് ശേഷം സംഗമത്തിലേക്ക് കടക്കുമോയെന്ന് പറയാനാവില്ലെന്നും ന്യൂനപക്ഷ വകുപ്പ് പറയുന്നു. കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ഉയരുന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ സെമിനാര്‍ നടത്തണമെന്ന് ഉത്തരവിലുണ്ട്. ടൂറിസം, വ്യവസായം, ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം എന്നിവപോലെ സര്‍ക്കാരിന് താല്‍പര്യമുള്ള മേഖലകളില്‍ പ്രത്യേക യോഗത്തിന് അത് അവസരമൊരുക്കും. അതുവഴി ന്യൂനപക്ഷ സംഗമത്തിന് കളമൊരുങ്ങുമെന്നാണ് വിലയിരുത്തുന്നത്.