ജീവനും ജീവിതവുമെല്ലാം കവർന്നെടുക്കാൻ പോന്ന ഒരു വാട്ടർ ടാങ്കിനെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ടിരിക്കുകയാണ് എടത്വയിലെ ജനങ്ങള്‍. എടത്വ ജല അതോറിറ്റിയുടെ രണ്ടര ലക്ഷം ലിറ്ററിന്റെ വാട്ടർ ടാങ്കാണ് വാർപ്പിന്റെ കമ്പി വരെ ദ്രവിച്ച് അപകടകരമായ നിലയിലുള്ളത്. ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് കാര്യാലയങ്ങൾ മറ്റൊരിടത്തേക്ക് മാറ്റിയപ്പോഴും നാട്ടുകാരുടെ ജീവന് പുല്ലുവില കൊടുക്കുകയാണ് അധികൃതർ.
എടത്വ നഗരമധ്യത്തിലാണ് 50 മീറ്ററിൽ കൂടുതൽ ഉയരമുള്ള ടാങ്ക്. 40 വർഷത്തിലേറെ പഴക്കമുണ്ട്. പത്തുവർഷം മുമ്പാണ് ടാങ്കിന്റെ കോണിപ്പടികൾ തകർന്നു വീണത്. പിന്നീട് ഇരുമ്പ് ആംഗിൾ അയൺ കൊണ്ട് കോണിപ്പടി പുനർനിർമ്മിച്ചെങ്കിലും അതും തകർന്നു. ടാങ്കിന്റെ ഓവർ ഫ്ലോ പൈപ്പ് പോലും ഒടിഞ്ഞു തൂങ്ങി. സിമൻ്റ് അടർന്നുവീണ് വാർപ്പിന്റെ കമ്പികൾ തെളിഞ്ഞു കാണാം.
ടാങ്ക് തകർന്നാൽ 150 മീറ്റർ ചുറ്റളവിലെങ്കിലും നാശമുണ്ടാകും. വീടുകൾ തകരും. ജനജീവിതം സ്തംഭിക്കും. 4000ത്തിലേറെ കുടുംബങ്ങൾ ആശ്രയിക്കുന്ന ടാങ്കിൽ ശുദ്ധീകരണം പോലും കൃത്യമായി നടക്കുന്നില്ല. സമാന്തര ശുദ്ധജല വിതരണം തുടങ്ങി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.