തനിക്കെതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ കെ.ടി.ജലീല്‍ നാണംകെട്ട് രാജിവച്ചതിലെ പകയെന്ന് പി.കെ ഫിറോസ്. മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കലില്‍ ജലീലിന്‍റെ അഴിമതി പുറത്തുവരുമെന്ന് വിറളിപിടിച്ചാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ബിസിനസ് ചെയ്യുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും പി.കെ.ഫിറോസ് പറഞ്ഞു.
പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് കെ.ടി.ജലീൽ പറയുന്നതെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ജലീലിന്‍റെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ കടുകുമണി തൂക്കം തെറ്റു ചെയ്താൽ പോലും നടപടി സ്വീകരിക്കാനാകുന്ന സർക്കാരാണ് അധികാരത്തിലുളളത്. എന്നിട്ടും നടപടി സ്വീകരിക്കാത്തത് എന്താണെന്നും പി.കെ.ഫിറോസ് ചോദിച്ചു.
അതേസമയം, പി.കെ.ഫിറോസിന് അഞ്ചരലക്ഷം മാസശമ്പളമുണ്ടെന്ന് കെ.ടി.ജലീല്‍ ആരോപിച്ചു. ഇതിനുള്ള എന്ത് ജോലിയാണ് ഫിറോസ് ചെയ്യുന്നതെന്നും അദ്ദേഹത്തിന് ബിസിനസ് നടത്താനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നും കെ.ടി.ജലീല്‍ ചോദിച്ചു. പി.കെ.ഫിറോസിനെതിരെ പറഞ്ഞ പ്രധാന കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ.ടി.ജലീൽ എംഎൽഎ മാധ്യമങ്ങളോട് പറഞ്ഞു.
എത്ര എക്സ്പോർട്ടുകൾ സെയിൽസ് മാനേജർ എന്ന നിലയ്ക്ക് ഫിറോസ് നടത്തുന്നുണ്ടെന്നും അത് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നും ജലീൽ പറഞ്ഞു. ദുബായിൽ എവിടെയാണ് കമ്പനിയുടെ ഓഫീസ് പ്രവർത്തിക്കുന്നതെന്ന് ചോദിച്ച കെ.ടി.ജലീല്‍ ഫിറോസിന്‍റെ കമ്പനി എവിടെ ആണെന്ന് ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പരിഹസിച്ചു.
ദുബായിൽ റജിസ്റ്റർ ചെയ്ത ഫോർച്യൂൺ ഹൗസ് ജനറൽ ട്രേഡിങ് എൽസിസി എന്ന കമ്പനിയിലൂടെ ഫിറോസ് നടത്തുന്നത് റിവേഴ്സ് ഹവാലയാണോ എന്ന ചോദ്യവുമായി കെ.ടി.ജലീൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലിട്ട കുറിപ്പാണ് ഇപ്പോള്‍ പരസ്യപ്പോരില്‍ കലാശിച്ചിരിക്കുന്നത്.