കേരളാ തീരത്ത് അറബിക്കടലില്‍ എംഎസ്‍സി എല്‍സ 3 കപ്പല്‍ മുങ്ങിയതില്‍ ദുരൂഹതകള്‍ തുടരുന്നു. 9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനെ സാധൂകരിക്കുന്ന രേഖകളൊന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ആരോപിക്കുന്നു. രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി ഹൈക്കോടതിയെ സമീപിച്ചു.
എംഎസ്‍സി എല്‍സ 3 കപ്പല്‍ മേയ് 25നാണ് ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയ്ക്ക് സമീപം അറബിക്കടലില്‍ മുങ്ങിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. കപ്പലിന്‍റെ നിലവിലെ സ്ഥാനത്തെക്കുറിച്ചും കണ്ടെയ്നറുകളില്‍ എന്തൊക്കെയാണ് ഉണ്ടായിരുന്നത് എന്ന പൂര്‍ണ വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് മല്‍സ്യത്തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അപകടസമയത്തെ കപ്പലിന്‍റെ വോയേജ് ഡേറ്റ റെക്കോര്‍ഡര്‍, ലോഗ് ബുക്ക്, വോയേജ് ചാര്‍ട്ട് എന്നിവ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ഏജന്‍സികളും ഒളിച്ചുകളിക്കുകയാണെന്ന് ആരോപിച്ചാണ് കേരള മല്‍സ്യത്തൊഴിലാളി ഐക്യവേദി കോടതിയെ സമീപിച്ചത്.
കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ ജൂലൈ 3കം നീക്കാനായിരുന്നു ഡിജി ഷിപ്പിങ് നിര്‍ദേശം നല്‍കിയിരുന്നത്. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നിയോഗിച്ച ടി ആന്‍ഡ് ടി എന്ന കമ്പനി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് സ്മിത്ത് സാല്‍വേജ് ദൗത്യം ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് വിമര്‍ശനമുണ്ട്.