pinarayi-vijayn-02

അയ്യപ്പസംഗമത്തിന് പിറകെ ന്യൂനപക്ഷ സംഗമം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍. കൊച്ചിയിലോ കോഴിക്കോടോ വെച്ച് ന്യൂനപക്ഷ ക്ഷേമം ഫോക്കസ് ചെയ്ത് ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനാണ് നീക്കം. വിവിധ സമുദായ സംഘടനകളും നേതാക്കളുമായി ആശയവിനിമയം ആരംഭിച്ചു.

പൊടുന്നനെ അയ്യപ്പ സംഗമം സംഘടിപ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനം വിമര്‍ശനങ്ങളും ചോദ്യങ്ങളും ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ സംഗമത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.അയ്യപ്പ സംഗമം ഭൂരിപക്ഷ പ്രീണനമാണോ എന്ന പ്രതിപക്ഷ ചോദ്യത്തിന് കൂടിയുള്ള ഉത്തരമായാണ് നീക്കം. ന്യൂനപക്ഷ ക്ഷേമം, ന്യൂനപക്ഷ സമുദായങ്ങളുടെ ആവശ്യങ്ങള്‍ എന്നിവക്കൊപ്പം ന്യൂനപക്ഷങ്ങള്‍ രാജ്യത്ത് നേരിടുന്ന വെല്ലുവിളികളും സംഗമത്തില്‍ ഉയര്‍ന്നുവരും. 

ചര്‍ച്ചാവിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ശബരിമലയിലെ യുവതീ പ്രവേശ വിഷയത്തില്‍ സ്വീകരിച്ച നിലപാടില്‍ നിന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള വനിതാമതിലിന്‍റെ ആശയത്തില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകുകയാണെന്ന വിമര്‍ശനവും വ്യാപകമാണ്. 

ഇതിനിടയിലാണ് ന്യൂനപക്ഷ സംഗമം വരുന്നത്. എല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നുവെന്നും പുരോഗമന ആശയങ്ങള്‍ കൈവിടുന്നില്ലെന്നും പറയുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ സര്‍ക്കാരിന്‍റെ പ്രധാന ചുവടുവെപ്പായി മാറുകയാണ് അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമവും.

ENGLISH SUMMARY:

Kerala Minority Meet is being organized by the Kerala government to focus on minority welfare and address their concerns. This initiative follows the Ayyappa Sangamam and aims to showcase the government's commitment to inclusivity and progressive values.