msf-imran-khan-song-row

മുസ്​ലിം ലീഗിന്‍റെ പോഷക വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച തയാറാക്കിയ റാപ് സോങില്‍ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ചിത്രം ഉൾപ്പെടുത്തിയെന്ന പേരിൽ വിവാദം. ചിത്രം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണെന്നും വിവാദത്തിന് പിന്നിലുള്ളവർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും എംഎസ്എഫ് നേതൃത്വം അറിയിച്ചു. 

പാട്ടിനെ വിവാദമാക്കി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവും പ്രവർത്തകരും രംഗത്തെത്തിയതോടുകൂടിയാണ് വിഷയം കൂടുതൽ ചർച്ചയായത്. മതരാഷ്ട്ര വാദം ഉയര്‍ത്തുകയും അതിന്‍റെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുകയും െചയ്യുന്ന പാക് നേതാവിനോട് എംഎസ്എഫിന് എന്താണ് ബന്ധമെന്ന ചോദ്യമാണ് പി.എസ്.സഞ്ജീവ് ഉയര്‍ത്തിയത്. കേരളത്തിന്‍റെ മതനിരപേക്ഷ ബോധത്തെ ഒറ്റുകൊടുക്കുകയാണ് എംഎസ്എഫ് ചെയ്യുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. ആരുടെ രാഷ്ട്രീയത്തെയാണ് എംഎസ്എഫ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുന്നതാണ് റാപ് സോങെന്നായിരുന്നു എസ്എഫ്ഐ സംസ്ഥാന  പ്രസിഡന്‍റ് എം.ശിവപ്രസാദിന്‍റെ പ്രതികരണം. ചർച്ച കൊഴുത്തതോടെ  പാട്ട് എംഎസ്എഫിന്‍റ  സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചു. 

രണ്ട് ദിവസം മുൻപ് ഡോ.എം.കെ. മുനീറായിരുന്നു  പാട്ട്  പ്രകാശനം ചെയ്തത്. ഇമ്രാൻ ഖാന്റെ ചിത്രം എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ പരാതി നൽകുമെന്നും എംഎസ്എഫ് നേതൃത്വം അറിയിച്ചു. മലപ്പുറത്ത് നടക്കുന്ന എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് തീം സോങ് പുറത്തിറക്കിയത്. വിഷയം വലിയ ചർച്ചയിലേക്ക് കൊണ്ടുപോകാതെ പരിഹരിക്കാനാണ് എംഎസ്എഫ് ശ്രമിക്കുന്നത്.

ENGLISH SUMMARY:

A major political controversy has erupted in Kerala over a rap song released in connection with the MSF State Conference in Malappuram, which allegedly featured an image of former Pakistan PM Imran Khan. SFI State Secretary P.S. Sanjeev attacked the Muslim League’s student wing, questioning their alleged commitment to a leader associated with religious nationalism. Sanjeev accused MSF of betraying Kerala's secular fabric and creating a fertile ground for communal ideologies to grow. However, MSF State General Secretary C.K. Najaf refuted these claims, stating that the viral video was not released on their official social media pages and was a fabricated version intended to spread Islamophobia. MSF leadership clarified that the original theme song, launched by Dr. M.K. Muneer, contains no such visuals and announced plans to take legal action against those circulating the edited clip