സമീപത്തെ വീട്ടിലെ കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് വഴിയില്‍ നിന്ന യുവാവിന്‍റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. കഴിഞ്ഞ ന്യൂ ഇയര്‍ തലേന്ന് നാല്പതിലേറെ അടിയും ക്രൂരമര്‍ദനവുമേറ്റ വാമനപുരം സ്വദേശി നിഖില്‍ ഇപ്പോഴും ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ചികില്‍സയിലാണ്. കസ്റ്റഡിയില്‍പോലും എടുക്കാത്ത നിഖിലിനെ പൊലീസുമായി കലഹിച്ചതിന് ബലംപ്രോയോഗിച്ച് നീക്കം ചെയ്യുകയായിരുന്നുവെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്.
ഇത്തവണ ന്യൂ ഇയറിന് നിഖിലിന് കിട്ടിയ സമ്മാനമാണിത്. ആററിങ്ങല്‍ പൊലീസ് വക. സമീപത്തുളള സുഹൃത്തിന്‍റെ വീട്ട് മുറ്റത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് പൊലീസ് സംഘത്തിന്‍റെ വരവ്. സമീപത്തെ വീട്ടില്‍ മദ്യപാനവുമായി ബന്ധപ്പെട്ട പരാതി അറിഞ്ഞ് എത്തിയ പൊലീസ് ചോദ്യവും പറച്ചിലുമൊന്നുമില്ലാതെ നിഖില്‍ ഉള്‍പ്പെടെ അവിടെ നിന്നവരെ അടിച്ചോടിക്കുകയായിരുന്നു. മദ്യപാനിയല്ലാത്ത നിഖില്‍ എന്തിന് തല്ലി സാറേയെന്ന ചോദ്യമുയര്‍ത്തിയതോടെ പൊലീസുകാര്‍ക്ക് കലി കയറി. പിന്നെ 4 പൊലീസുകാര്‍ വളഞ്ഞിട്ട് തല്ലി, അടിച്ച് പതംവരുത്തി അവിടെത്തന്നെ ഉപേക്ഷിച്ച് പോയി. ഗുരുതര പരുക്കേറ്റ നിഖിലിന് ആറുദിവസത്തെകിടത്തി ചികില്‍സയ്ക്ക് ശേഷമാണ് എഴുന്നേറ്റൊന്ന് ഇരിക്കാനെങ്കിലും ആയത്.
മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ അന്വേഷണം നടത്തിയ ജില്ലാക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പൊലീസുമായി കലഹത്തിലേര്‍പ്പെട്ട നിഖിലിനെ ബലംപ്രയോഗിച്ച് നീക്കിയെന്നും ബലപ്രയോഗത്തില്‍ പരുക്ക് പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് ആരോപിക്കും പോലെ കലഹിച്ചാല്‍ തന്നെഅടിച്ച് കൈയൊടിക്കാന്‍ ആരധികാരം നല്കി സാറന്മാര്‍ക്ക് എന്നതാണ് ചോദ്യം.